വരി തീരുന്നതിന് മുന്‍പ് പണം തീരുന്നു
പട്ടാമ്പി: നോട്ട് നിരോധനം വന്ന് ഒന്‍പതാം ദിവസം പിന്നിട്ടെങ്കിലും ബാങ്കില്‍ നിശ്ചിത തുക കിട്ടാനില്ലാത്തത് പൊതുജനത്തെ വലക്കുന്നു. സഹകരണ ബാങ്കുകളിലെ ക്രമീകരണങ്ങളിലെ അനിശ്ചിതത്വവും പൊതുജനത്തെ മറ്റു ബാങ്കുകളെ ആശ്രയിക്കേണ്ടി വന്നതിനാല്‍ ബാങ്കുകള്‍ക്ക് മുന്നിലെ തെരക്കിന് അറുതിയായില്ല.
അക്കൗണ്ട് ഉള്ളവര്‍ക്ക് നിത്യചെലവിന് പോലും കയ്യില്‍ കാശില്ലാത്തതാണ് മറ്റു ബാങ്കുകള്‍ക്ക് മുന്നില്‍ യാചിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. വരിയില്‍ നിന്നിട്ടും അധികൃതര്‍ മണിക്കൂറുകള്‍ക്ക് ശേഷം ബാങ്കിലെ പണം തീര്‍ന്നു എന്നുവെന്ന അറിയിപ്പും അതോടപ്പം പിന്നീട് പണം കിട്ടുന്നതിനായി ടോക്കണ്‍ നല്‍കിയും ആശ്വസിപ്പിക്കുകയാണ്.
നിരക്ഷരരായ വൃദ്ധജനങ്ങള്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കുന്നില്ല ചില ബാങ്ക് ജീവനക്കാര്‍. അക്കൗണ്ടില്ലാത്തവര്‍ക്ക് പണം നല്‍കാന്‍ വിമുഖത കാണിക്കുകയും സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നവര്‍ക്ക് പരിഗണന നല്‍കിയും സാധാരണക്കാരനെ പുറം തള്ളുന്ന കാഴ്ചയും നിത്യമായിരിക്കുകയാണ്.
അതെ സമയം വട്ടിപ്പലിശക്കാര്‍ ഇവരെ വലയിലാക്കി നൂറിന്റെ നോട്ടും പത്തിന്റെ നോട്ടും നല്‍കി പലിശ ഇടപാട് നടത്താനും ഈ സന്ദര്‍ഭം വിനിയോഗിക്കുന്നുണ്ട്. പട്ടാമ്പി താലൂക്ക് പരിസര പ്രദേശങ്ങളില്‍ ആഴ്ച പലിശക്കാര്‍ ഇപ്പോഴും സജീവമാണ്. ഇവര്‍ക്കെതിരേ പരാതി നല്‍കാന്‍ ആരും മുന്നോട്ട് വരാത്തതാണ് ഇക്കൂട്ടര്‍ക്ക് കൂടുതല്‍ രക്ഷയാകുന്നത്. എന്നാല്‍ നോട്ട് നിരോധനം വന്നതോടെ ഇക്കൂട്ടരെ തേടി കൂലി തൊഴിലാളികള്‍ നിത്യചെലവിനായി ഇവരെ ആശ്രയിക്കുന്നു.
പട്ടാമ്പി ടൗണില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍, കനറ തുടങ്ങിയ വിവിധ ഇനം ബാങ്കുകളിലെല്ലാം നോട്ട് നിരോധനം വന്നത് മുതല്‍ പൊതു ജനത്തിന്റെ തെരക്കിന് ഇതുവരെയും മാറ്റം ഉണ്ടായിട്ടില്ല. നോട്ട് മാറുന്നതിനും അക്കൗണ്ടുള്ളവര്‍ക്ക് തുക പിന്‍വലിക്കുന്നതിനും പിന്നിട്ട ഒമ്പതാം ദിവസവും വരിയിലാണ് പൊതുജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."