നാടകാന്തം പൂനെ
പൂനെ: ഏഴു ഗോളുകള്‍ പിറന്ന നാടകീയതകള്‍ നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് വീഴ്ത്തി പൂനെ സിറ്റി എഫ്.സി ഐ.എസ്.എല്ലിലെ നാലാം വിജയം സ്വന്തമാക്കി. ഹോം ഗ്രൗണ്ടിലെ അവസാന പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടി ഡല്‍ഹി മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അടിക്ക് തിരിച്ചടിയെന്നോണം പിറന്നത് ആറു ഗോളുകള്‍. അനിബാള്‍ റോഡ്രിഗസിന്റെ ഇരട്ട ഗോളുകളാണ് പൂനെയ്ക്കു ഗംഭീര വിജയമൊരുക്കിയത്. എട്ടു മിനുട്ടിനിടെ മൂന്നു ഗോളുകള്‍ വലയിലെത്തിച്ച് പൂനെ ഡല്‍ഹിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ പൂനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സിസ്സോക്കോ പാഴാക്കിയതിനു പിന്നാലെ 44ാം മിനുട്ടില്‍ കീന്‍ ലൂയിസിലൂടെ ഡല്‍ഹി ലീഡെടുത്തു. മാഴ്‌സലീഞ്ഞോ നല്‍കിയ ബാക് പാസ് സ്വീകരിച്ച് മെമോ ബോക്‌സില്‍ നിന്നിരുന്ന കീന്‍ ലൂയിസിന് മറിച്ചു. ലൂയിസിന്റെ ലക്ഷ്യം തെറ്റാതെയുള്ള ഷോട്ട് വലയില്‍. ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ ഡല്‍ഹി.
സ്വന്തം കാണികളുടെ മുന്നില്‍ പൂനെ വര്‍ധിത വീര്യത്തോടെ ഡല്‍ഹി പോസ്റ്റിലേക്ക് ഇരമ്പിയാര്‍ക്കുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയില്‍. 55ാം മിനുട്ടില്‍ അതിന്റെ ഫലം അവര്‍ക്കു ലഭിക്കുകയും ചെയ്തു. ജൊനാഥന്‍ ലൂക്കയുടെ ഫ്രീ കിക്കില്‍ നിന്ന് അനിബാള്‍ റോഡ്രിഗസ് ഹെഡ്ഡറിലൂടെ വല ചലിപ്പിച്ചു. സമനിലയുടെ വീര്യത്തില്‍ തുടരെ തുടരെ രണ്ടു ഗോളുകള്‍ കൂടി പൂനെ ഡല്‍ഹി വലയില്‍ നിക്ഷേപിച്ചു. 62ാം മിനുട്ടില്‍ സിസ്സോക്കോയും 63ാം മിനുട്ടില്‍ അനിബാള്‍ റോഡ്രിഗസ് തന്റെ തന്റെ രണ്ടാം ഗോളിലൂടെയും വല ചലിപ്പിച്ചു.
3-1നു പിന്നിലായിട്ടും ഡല്‍ഹിയും വിടാനുള്ള മട്ടില്ലായിരുന്നു. ഡല്‍ഹിയും കടുത്ത ആക്രമണം അഴിച്ചുവിട്ടു. 79ാം മിനുട്ടില്‍ ഫ്‌ളോറന്റ് മലൂദ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് തടുക്കാനുള്ള പൂനെ പ്രതിരോധ താരം എഡ്വാര്‍ഡോ ഫെരെയ്‌രയുടെ ശ്രമം പിഴച്ചു. താരത്തിന്റെ സെല്‍ഫ് ഗോളില്‍ ഡല്‍ഹി രണ്ടാം ഗോള്‍ നേടി. 90 മിനുട്ടു കഴിഞ്ഞ് അഞ്ചു മിനുട്ട് ഇഞ്ച്വറി ടൈം. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനുട്ടില്‍ പൂനെ ലെനി റോഡ്രിഗസിലൂടെ നാലാം ഗോളും ലക്ഷ്യത്തിലെത്തിച്ചു. അരാത്ത ഇസുമി നല്‍കിയ പാസ് സ്വീകരിച്ച ജൊനാഥന്‍ ലൂക്ക പന്ത് ലെനിക്ക് നല്‍കി. ബോക്‌സിലേക്ക് ഓടിയെത്തിയ ലെനി സ്ഥാനം തെറ്റി നിന്ന ഡല്‍ഹി ഗോളിയെ മറികടന്ന് വല ചലിപ്പിച്ചു. തൊട്ടടുത്ത മിനുട്ടില്‍ തന്നെ ഡല്‍ഹി ലീഡ് കുറച്ചു. മല്‍സേംസുലയിലൂടെ ഒരു ഗോള്‍ മടക്കി അവര്‍ പരാജയ ഭാരം കുറക്കുകയായിരുന്നു.
പരാജയപ്പെട്ടെങ്കിലും 17 പോയിന്റുമായി ഡല്‍ഹി തന്നെ പോയിന്റ് പട്ടികയില്‍ മുന്നില്‍. 11 മത്സരങ്ങളില്‍ നിന്നു 15 പോയിന്റുമായി പൂനെ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."