ഉദുമയില്‍ കുഞ്ഞിരാമന്‍ തന്നെ
ഉദുമ: രണ്ടാമൂഴത്തിലും ഉദുമയില്‍ കെ കുഞ്ഞിരാമന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് കര്‍ഷകരുടെ വിജയം കൂടിയായി. കണ്ണൂരില്‍ നിന്നെത്തിയ കെ സുധാകരനോട് മത്സരിക്കാന്‍ ഉദുമയുടെ നാഡീമിടിപ്പുകളറിയുന്ന നാട്ടുകാരനും മികച്ച കര്‍ഷകനുമായ സിറ്റിംഗ് എം.എല്‍.എ കെ കുഞ്ഞിരാമനെ തന്നെ സി.പി.എം അങ്കത്തിനിറക്കുകയായിരുന്നു.
വികസന നയങ്ങളെ പൂര്‍ത്തിയാക്കാന്‍ ഒരവസരം കൂടി വോട്ടര്‍മാര്‍ കുഞ്ഞിരാമന് നല്‍കിയപ്പോള്‍ ആവും വിധം പയറ്റിനോക്കിയ കെ സുധാകരന് കണ്ണൂരിലെക്ക് തന്നെ മടങ്ങേണ്ടി വന്നു. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ സുധാകരന്‍ മികച്ച ഭൂരിപക്ഷത്തിന് മുന്നിട്ട് നിന്നിരുന്നെങ്കിലും ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തിലെ വോട്ടുകള്‍ മാറിമറിഞ്ഞപ്പോള്‍ അവസാനഫലം കുഞ്ഞിരാമനൊപ്പമായിരുന്നു.
എം.എല്‍.എ ആയപ്പോഴും കര്‍ഷകനായി ജീവിക്കാനായിരുന്നു കുഞ്ഞിരാമന്‍ ഇഷ്ടപ്പെട്ടിരുന്നത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ കാര്‍ഷിക അഭിവൃദ്ധിയിലൂടെയുള്ള വികസന നയങ്ങളാണ് അദ്ദേഹത്തിന് നേട്ടമുണ്ടാക്കിയത്. ലീഗ് മന്ത്രിമാര്‍ വരെ കുഞ്ഞിരാമന്റെ വികസന നയങ്ങളെ പുകഴ്ത്തിയിരുന്നു. ജനപ്രതിനിധിയായിരിക്കുമ്പോഴും സാധാകരണക്കാര്‍ക്കൊപ്പം നിന്ന് മണ്ഡലത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രമിച്ചതാണ് മണ്ഡലത്തിലെ നിരവധി കര്‍ഷകരുടെ വോട്ടുകള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തത്.
കുഞ്ഞിരാമന്റെ ഭൂരിപക്ഷം 11,380ല്‍ നിന്ന് 3,832 ആയി കുറഞ്ഞെങ്കിലും 2011നെക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ കൂടുതല്‍ നേടാനായിട്ടുണ്ട്. കെ കുഞ്ഞിരാമന്‍ 70,679 വോട്ടുകളാണ് നേടിയത്. 2011ല്‍ അത് 61,646 ആയിരുന്നു. അതേ സമയം യു.ഡി.എഫിന്റെ വോട്ടുകള്‍ പതിനാറായിരത്തോളമാണ് വര്‍ദ്ധിച്ചത്. 2011ല്‍ യു.ഡി.എഫിലെ കെ ശ്രീധരന്‍ 50,266 വോട്ടുകളാണ് നേടിയതെങ്കില്‍ കെ സുധാകരന്‍ ഇപ്രാവശ്യം 66,847 വോട്ടുകള്‍ നേടി. ബി.ജെ.പി ജില്ലാ പ്രസിഡന്റും മികച്ച അഭിഭാഷകനുമായ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ ശ്രീകാന്തിന് 21,231 വോട്ടുകള്‍ നേടാനായി. 2011ല്‍ ബി.ജെ.പിയുടെ സുനിത പ്രശാന്ത് 13,073 വോട്ടുകള്‍ മാത്രമായിരുന്നു നേടിയിരുന്നത്. വോട്ടര്‍മാര്‍ അധികരിച്ചതും പോളിംഗ് ശതമാനം 73.13ല്‍ നിന്ന് 81.5 ആയി വര്‍ദ്ധിച്ചതും വോട്ടിംഗ് നിലയെ തന്നെ മാറ്റിമറിച്ചു. പി.ഡി.പിയുടെ ഗോപി കുതിരക്കല്ല് 405 വോട്ടുകള്‍ നേടി. സ്വതന്ത്രരായും അപരരായും മത്സരിച്ച ദാമോദരന്‍ പി 349ഉം സുധാകരന്‍ ചെറുകാനം 208ഉം ഗോവിന്ദന്‍ 165ഉം അബ്ബാസ് മുതലപ്പാറ 157ഉം കുഞ്ഞിരാമന്‍ പെരിയങ്ങാനം 145ഉം വോട്ടുകള്‍ നേടി. എസ്.ഡി.പി.ഐയിലെ മുഹമ്മദ് പാക്യാര 331 വോട്ടുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."