അഭിഭാഷക പാനല്‍ നിയമനം: കോട്ടയം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം
കോട്ടയം: നഗരസഭ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ ബഹളം. അഭിഭാഷക പാനല്‍ നിയമനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിനു വരെ ഇടയാക്കിയത്. കൗണ്‍സിലില്‍ ഇന്നലെ അവതരിപ്പിച്ച അജണ്ടയില്‍ അഭിഭാഷക പാനലില്‍ ഉള്‍പ്പെടുത്തണമെന്ന അഡ്വ.സിബി ചേനപ്പാടിയുടെ അപേക്ഷ പരിഗണിച്ചതായി സൂചിപ്പിച്ചിരുന്നു. ഇതിനെതിരേ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തിറങ്ങി. വ്യക്തി താല്‍പര്യങ്ങള്‍ നോക്കിയാണ് നഗരസഭ നിയമനം നടത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സൂക്ഷ്മമായ പരിശോധന നടത്തി യോഗ്യത വിലയിരുത്തി അഭിഭാഷകരെ നിയമിക്കണമെന്ന് പ്രതിപക്ഷാംഗംങ്ങള്‍ ആവശ്യപ്പെട്ടു.
ആരോപണത്തെ ഭരണപക്ഷം എതിര്‍ത്തതോടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ വിഷയം സംബന്ധിച്ച് ഗൗരവമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന മറുപടി പറഞ്ഞു. പെന്‍ഷന്‍കാരുടെ സത്യവാങ്മൂലം സ്വീകരിക്കാന്‍ നഗരസഭയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഇന്നലെ ചര്‍ച്ചാ വിഷയമായി. പതിമൂവായിരത്തോളം പെന്‍ഷന്‍കാരുള്ള കോട്ടയം നഗരസഭയില്‍ സത്യവാങ്മൂലം അപേക്ഷ സ്വീകരിക്കാനും പൂരിപ്പിച്ച് നല്‍കാനും നിലവിലുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. അപേക്ഷ നല്‍കാന്‍ എത്തുന്ന വയോജനങ്ങള്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന സ്ഥിതി പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാത്തതും ഇന്നലെ ചര്‍ച്ചാ വിഷയമായി. ഭരണപക്ഷ കൗണ്‍സിലര്‍ കെ.കെ പ്രസാദാണ് ഇക്കാര്യം ഉന്നയിച്ചത്.അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 2013 മുതല്‍ വേതനം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതായി അദ്ദേഹം കൗണ്‍സിലില്‍ അറിയിച്ചു.തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് സ്വീകരിക്കണമെന്ന് ഭരണപക്ഷാംഗം കെ.കെ പ്രസാദ് ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."