ആദായനികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കി
കൊച്ചി: സംസ്ഥാനത്ത് ലക്ഷകണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ ഒരുമിച്ച് പിടിച്ചെടുത്തതോടെ ബാങ്കുകളേയും അസാധുവാക്കിയ നോട്ട് സ്വീകരിക്കാന്‍ അനുവാദം നല്‍കിയ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ആലുവയിലെ മൊത്തവ്യാപാരിയുടെ സ്ഥാപനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ 30 ലക്ഷം രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ഇതില്‍ എട്ട് ലക്ഷം രൂപ പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ്. കൂടാതെ കാസര്‍കോട് കമ്മിഷന്‍ വ്യവസ്ഥയില്‍ നോട്ടുമാറ്റി നല്‍കുന്ന അഞ്ചംഗസംഘത്തിന്റെ കൈയില്‍ നിന്ന് ആറു ലക്ഷത്തിന്റെ പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ പിടിച്ചെടുത്തതും ആദായനികുതിവകുപ്പിന്റെ അന്വേഷണം ശക്തമാക്കാന്‍ കാരണമായി.
പുതിയ നോട്ടിന്റെ വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും നോട്ടുകള്‍ വളരെ പെട്ടെന്ന് ചിലരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതാണ് ആദായവകുപ്പിനെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ബാങ്കിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയോ കമ്മിഷന്‍ വ്യവസ്ഥയില്‍ പഴയനോട്ട് സ്വീകരിക്കാന്‍ അനുവാദമുള്ള കേന്ദ്രങ്ങളെയോ ഇതിനായി ഉപയോഗപ്പെടുത്തിയതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സംസ്ഥാനത്ത് ഓരേ ദിവസം നടത്തിയ ഈ രണ്ട് പരിശോധയിലും വ്യത്യസ്ത് സീരിസിലുള്ള നോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആസൂത്രിതമായ നീക്കത്തിലൂടെ പണം കൂടുതലായി ചിലര്‍ സ്വരൂപിച്ചതായാണ് വിലയിരുത്തുന്നത്. ആലുവയിലെ വ്യാപാരി നല്‍കിയ വിവരങ്ങളും അദ്ദേഹത്തിന്റെ ബാങ്ക ് മാനേജര്‍ നല്‍കിയ വിവരങ്ങളും ആദായനികുതിവകുപ്പ് പരിശോധിക്കുകയാണ്. കാസര്‍കോട് സംഭവത്തെ തുടര്‍ന്ന് കമ്മിഷന്‍ വ്യവസ്ഥയില്‍ നോട്ടു മാറി നല്‍കുന്ന ഇടനിലക്കാരെക്കുറിച്ചുള്ള അന്വേഷണവും വ്യാപകമാക്കി. പൊലിസിന്റെ കൂടി സഹായത്തോടെയാണ് ഈ അന്വേഷണം.
ചില സ്വകാര്യബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇളവുകള്‍ നല്‍കി കൂടുതലായി നോട്ടുകള്‍ മാറ്റി നല്‍കിയോ എന്നതും പരിശോധിക്കുന്നുണ്ട്. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ നവംബര്‍ 24 വരെ അനുവാദം നല്‍കിയിരിക്കുന്ന ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മയുടെ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും ആദായനികുതിവകുപ്പ് നിരീക്ഷിക്കുകയാണ്. ഇവരുടെ സാധാരണ വ്യാപാരത്തേക്കാള്‍ എത്ര മടങ്ങ് അധികമാണ് നോട്ട് കൈമാറ്റം ചെയ്യപ്പെടുന്നതെന്നാണ് പരിശോധിക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ വഴി വലിയ തോതില്‍ നോട്ട് കൈമാറി എടുക്കുന്നതായും ഇതിന് പിന്നില്‍ കമ്മിഷന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ആദായനികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയതോടെ ഈ പേരില്‍ പഴയ നോട്ട് എടുക്കുന്നത് ചില ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും നിര്‍ത്തിയിരിക്കുന്നത് സാധാരണക്കാരെ വലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ പഴയനോട്ട് സ്വീകരിച്ചിരുന്ന ഈ സ്ഥാപനങ്ങളെല്ലാ പഴയനോട്ട് സ്വീകരിക്കുകയില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കണക്കില്‍ കൂടുതലായി പഴയനോട്ടുകള്‍ വന്നതുകൊണ്ടാണ് നോട്ടുകള്‍ എടുക്കുന്നത് നിര്‍ത്തിയതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."