സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം 23നുള്ളില്‍
ചെറുവത്തൂര്‍ (കാസര്‍കോട്): സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം 23നുള്ളില്‍ പൂര്‍ത്തിയാക്കും. പുനര്‍വിന്യാസത്തിന് തടസമില്ലെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സെപ്റ്റംബറിലുണ്ടായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ പുനര്‍വിന്യാസം നിര്‍ത്തിവച്ചിരുന്നത്. തുടര്‍ന്ന് നിരവധി അധ്യാപകരുടെ ശമ്പളം മുടങ്ങിയിരുന്നു.
തസ്തിക നഷ്ടപ്പെട്ട് പുറത്തുനില്‍ക്കുന്നവരെ അതത് ജില്ലയില്‍ പുനര്‍വിന്യസിക്കാനാണ് തീരുമാനം. ശേഷിക്കുന്നവരെ സമീപ ജില്ലകളിലേക്ക് മാറ്റും. ഇതിനായി പരമാവധി ഒഴിവുകള്‍ കണ്ടെത്തും. ഇതിനു മുന്നോടിയായി 21ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ യോഗം ചേരും.
ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ പുനര്‍വിന്യാസം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. ഈ ജില്ലകളില്‍ ഇനിയും ഒഴിവുകളുണ്ടെങ്കില്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരെ പുനര്‍വിന്യസിക്കും.
ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത വിദ്യാഭ്യാസ ഓഫിസര്‍മാരുടെ പേരുകള്‍ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, എയ്ഡഡ് സ്ഥാപനങ്ങളിലെ സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പുനര്‍വിന്യസിക്കുന്നത് പി.എസ്.സി നിയമനങ്ങളെ ബാധിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. താല്‍ക്കാലിക ക്രമീകരണം എന്ന നിലയിലാണ് ഇത്തരം നിയമനങ്ങള്‍ നടത്തുക. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ജാഗ്രത കാട്ടണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താല്‍ക്കാലികമായി പുനര്‍വിന്യസിച്ചിരിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ ഓഫിസുകളിലെ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
പി.എസ്.സി നിയമനം നടക്കുമ്പോള്‍ ആ ഒഴിവിലെ സംരക്ഷിത അധ്യാപകനെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എയ്ഡഡ് വിദ്യാലയങ്ങളിലെ സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുന്നത് തങ്ങളുടെ നിയമനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമായി ഉദ്യോഗാര്‍ഥികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."