നേപ്പാള്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ സംസ്കരിച്ചു
സ്വന്തം ലേഖിക
കൊച്ചി:അരൂരില്‍ വാന്‍ കായലിലേക്ക് മറിഞ്ഞ് മരിച്ച നാല് നേപ്പാള്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്കരിച്ചു.നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയെങ്കിലും ഭാരിച്ച ചെലവും നിയമനടപടികളും കാരണം മൃതദേഹം ഇവിടെ തന്നെ സംസ്ക്കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ എ.ഡി.എമ്മിന് സമ്മതപത്രം നല്‍കിയത്.
റോള്വാ ജില്ലയില്‍ ഗോരകം വീട്ടില്‍ മധുഖത്രിയുടെയും പ്യുട്ടാം ജില്ലയില്‍ ഹിമന്‍ലാല്‍ ഖത്രിയുടെയും മൃതദേഹങ്ങള്‍ മരട് മുന്‍സിപ്പാലിറ്റി പൊതുശ്മശാനത്തിലും ശ്യാംഖത്രി, ജമന്‍ ബഹാദൂര്ഖത്രി എന്നിവരുടെ മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലുമാണ് സംസ്കരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇടപ്പള്ളി ചിത്ര ഡെക്കറേഷന്‍സിലെ തൊഴിലാളികളായ ഒമ്പതുപേര്‍ സഞ്ചരിച്ച വാഹനം ദേശീയപാതയില്‍ അരൂര്‍ കുമ്പളം പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കായലിലേക്ക് വീണത്. നേപ്പാളികളായ നാലുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. മലയാളി ഡ്രൈവര്‍ നിജാസ് അലിയുടെയും നാല് നേപ്പാളി സ്വദേശികളുടെയും മൃതദേഹങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.
നിജാസിന്റെ ഖബറടക്കം വെള്ളിയാഴ്ച രാത്രി നടന്നു. എന്നാല്‍ നേപ്പാള്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ രണ്ടുദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."