സ്‌കൂള്‍ കിരീടത്തില്‍ കല്ലടി
പാലക്കാട്: കായികമേളയുടെ മികച്ച സ്‌കൂളിനു നല്‍കുന്ന കിരീടത്തിന് അവകാശപറയാന്‍ വീണ്ടും കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍. ജില്ലാ സ്‌കൂള്‍ കായികമേള മൂന്നാംനാളിലേക്ക് കടക്കുമ്പോള്‍ കല്ലടി 144 പോയിന്റുകള്‍ വെട്ടിപിടിച്ച് ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിക്കുകയാണ്. എതിരാളികളായ മുണ്ടൂര്‍ സ്‌കൂളിനെയും(100), പറളി സ്‌കൂളിനെയും(92.5) ഏറെ പിന്നിലാക്കിയാണ് കല്ലടിയുടെ മുന്നേറ്റം. 16 സ്വര്‍ണം, 17 വെളളി, 15 വെങ്കലം എന്നിവ നേടിയാണ് കല്ലടി ചാമ്പ്യന്‍പട്ടത്തില്‍ മുത്തമിടാന്‍ ഒരുങ്ങുന്നത്. രണ്ടാംസ്ഥാനത്തുളള മുണ്ടൂര്‍ സ്‌കൂളിന് 14 സ്വര്‍ണം, 9 വെളളി, 3 വെങ്കലം എന്നിങ്ങനെയുളള മെഡലുകളാണ് ലഭിച്ചത്. ഇത്തവണ മുന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട പറളിയുടെ സമ്പാദ്യം 29 മെഡലുകളാണ്. ഇതില്‍ 10 സ്വര്‍ണവും 12 വെളളിയും 7 വെങ്കലവും ഉള്‍പ്പെടുന്നു. പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളായ മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ 25 പോയിന്റുകള്‍ നേടി നാലാംസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു. 4 സ്വര്‍ണം, 1 വെളളി, 2 വെങ്കലം എന്നിവയാണ് മോയന്‍സ് ചാര്‍ത്തിയിട്ടുളളത്. മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസ്എസ്(20), കൊപ്പം ജിവിഎച്ച്എസ്എസ്(18), കാട്ടുകുളം കെഎന്‍എംഎംഎഎച്ച്എസ്(17), ചിറ്റൂര്‍ ജിഎച്ചഎസ്എസ്(16), ചിറ്റലഞ്ചേരി എംഎന്‍കെഎംഎച്ച്എസ്എസ്(12), പാലക്കാട് ഭാരതമാത(11), വാണിയംകുളം ടിആര്‍കെഎച്ചഎസ്(10), ചെര്‍പ്പുളശേരി ജിഎച്ചഎസ്എസ്(10) എന്നിങ്ങനെ മറ്റു സ്‌കൂളുകള്‍ പോയിന്റ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. കായികമേളയുടെ പ്രസ്റ്റീജ് ഇനമായ നൂറുമീറ്റര്‍ ഇന്നലെ നടന്നു. കായികമേളയുടെ വേഗതാരങ്ങളെ കണ്ടെത്താനുളള പോരാട്ടത്തിന് വാനോളം ആവേശം. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ 10.95 സെക്കന്റില്‍ ഓടി കല്ലടിയിലെ വി. മുഹമ്മദ് അജ്മല്‍ ജേതാവായി. പെരുങ്ങോട്ടുകുറിശി സ്‌കൂളിലെ പി.എസ്.ആദിത്യകിരണ്‍, പാലക്കാട് ബിഇഎമ്മിലെ കെ.എസ്. ശ്രീഹരി എന്നിവര്‍ തൊട്ടുടത്തസ്ഥാനങ്ങളിലെത്തി.
സീനിയര്‍ പെണ്‍കുട്ടികളില്‍ മുണ്ടൂരിലെ പി.വി. വിനയ് ചാമ്പ്യനായി. സമയം 12.48. കല്ലടിയിലെ അജ്ഞലി ജോണ്‍സണ്‍ രണ്ടാമതും എം. അഞ്ജന മൂന്നാമതും ആയി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ 11.24 സമയത്തില്‍ പറളി സ്‌കൂളിലെ പി.എസ്. അകില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. പത്തിരിപ്പാല മൗണ്ട്‌സീനയിലെ സുമിനി സുരേഷ്, മാത്തൂര്‍ സിഎഫ്ഡി സ്‌കൂളിലെ പി.കെ. നിജില്‍ കൃഷ്ണന്‍ അകിലിന്റെ പിന്നിലായെത്തി. പെണ്‍കുട്ടികളില്‍ പാലക്കാട് മോയന്‍സിലെ ജെ. വിഷ്ണുപ്രിയ ഒന്നാമതായി. സമയം 13.4 സെക്കന്റ്. പറളി സ്‌കൂളിലെ എം.കെ. ഹിമ, വാണിയംകുളം ടിആര്‍കെഎച്ച്എസിലെ കെ.കെ. വിദ്യ രണ്ടുംമൂന്നും സ്ഥാനങ്ങള്‍ നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ കാട്ടുകുളം സ്‌കൂളിലെ കെ.ആകാശ് 12.47 സെക്കന്റില്‍ ഓടിയെത്തി വേഗതയുടെ ചാമ്പ്യനായി. വട്ടേനാട് സ്‌കൂളിലെ സി.എന്‍. മുഹമ്മദ് നിയാസ്, മലമ്പുഴ ആശ്രാമം സ്‌കൂളിലെ ആര്‍. നിധീഷ് എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ എത്തി. പെണ്‍കുട്ടികളില്‍ പാലക്കാട് ഭാരതമാതയിലെ കെ.എസ്. നന്ദന വിജയിയായി. സമയം 13.61 സെക്കന്റ്. പറളി സ്‌കൂളിലെ കെ. നീതുകൃഷ്ണന്‍ രണ്ടാമതും പാലക്കാട് മോയന്‍സിലെ എസ്. നവ്യ മൂന്നാമതും ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."