വ്യോമസേനയുടെ ഹെലികോപ്ടര്‍ ദിശമാറി പറന്നിറങ്ങി; 10 വീടുകള്‍ക്ക് നാശനഷ്ടം
മേപ്പാടി: വ്യോമസേനയുടെ ഹെലികോപ്ടര്‍ ദിശമാറി പറന്നിറങ്ങിയതിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. പുത്തൂര്‍വയല്‍ പ്രദേശത്താണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. പുത്തൂര്‍ വയല്‍ എ.ആര്‍ ക്യാംപിലെ ഹെലിപാഡില്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍ അമര്‍ പ്രസാദ് ബാബു സഞ്ചരിച്ച ഹെലികോപ്ടര്‍ വന്നിറങ്ങിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ താഴ്ന്ന് വട്ടമിട്ട് പറന്നതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. വീടുകളുടെ മേല്‍ക്കൂര തകരുകയും വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ പൊട്ടിവീണു. കാര്‍ഷിക വിളകളും നിലംപൊത്തി. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. വിരമിച്ച വ്യോമസേനാംഗങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് എയര്‍മാര്‍ഷല്‍ വയനാട്ടിലെത്തിയത്.
അമ്പലപറമ്പില്‍ സുഭാഷിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പാറിവീണു. ചന്ദ്രാലയത്തില്‍ വിജയന്റെ ഇരുനില വീടിന് വിള്ളല്‍ വീണിട്ടുണ്ട്. മന്ദകുനി മോഹനന്റെ മതില്‍ പൂര്‍ണമായും നിലം പൊത്തി. സമീപത്ത് തന്നെയുള്ള അബ്ദുനാസര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ തുടങ്ങി 10 പേരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. കോഴിക്കൂടുകളും ആലകളും തകര്‍ന്നു.
കഴിഞ്ഞ ദിവസം ഹെലികോപ്ടര്‍ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ ദിശമാറി പറന്നതാണ് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. സ്വകാര്യ മൊബൈല്‍ ടവര്‍ ഒഴിവാക്കി പറന്നതാണ് ജനവാസ കേന്ദ്രത്തിന് മുകളിലെത്താന്‍ കാരണമെന്ന് പൈലറ്റ് അറിയിച്ചതായി പൊലിസ് പറഞ്ഞു. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി പ്രദേശം സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ സംഭവിച്ചവരോട് കലക്ടര്‍ക്കും പൊലിസിലും പരാതി നല്‍കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ പൊലിസിലും ജില്ലാ കലക്ടര്‍ക്കും പരാതിയും നല്‍കി. ഇടക്കിടെ ഈ ഹെലിപാഡില്‍ ഹെലികോപ്ടറുകള്‍ ഇറങ്ങാറുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."