ഈ നരഹത്യയ്ക്ക് പിന്നില്‍ മഹാമണ്ടന്മാരുടെ കുബുദ്ധി
47 പേര്‍ ഒരു രാജ്യത്ത് പ്രകൃതിക്ഷോഭത്തില്‍ പെട്ട് ഒന്നിച്ചു മരിച്ചാല്‍ അതൊരു ദേശീയ ദുരന്തമായാണ് പരിഗണക്കപ്പെടുക . മനുഷ്യ കൃതദുരന്തത്തിലാണ് ഇത്രയും ജീവന്‍ നഷ്ടപ്പെടുന്നതെങ്കില്‍, നരഹത്യയാണ് ആരോപിക്കപ്പെടുക. ഒരു വന്‍ നരഹത്യാ കേസില്‍ നിന്ന് കഷ്ടിച്ച് തടിയൂരിപ്പോന്ന ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍, വെറും 47 പേരുടെ മരണത്തെ എങ്ങനെയാണ് നരഹത്യയുടെ പട്ടികയില്‍ പെടുത്തുക ?
പക്ഷേ രാജ്യത്തെ സുപ്രീം കോടതിക്ക് കാര്യം പിടികിട്ടിയിരിക്കുന്നു. കലാപത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന് കൃത്യമായി നിരീക്ഷിച്ച കോടതി, നോട്ട് പിന്‍വലിക്കല്‍ നടപടിയിലെ പിടിപ്പുകേടിനെ ശക്തമായി വിമര്‍ശിച്ചിരിക്കുന്നു. കോടതികളെ സമീപിക്കാനുളള ജനങ്ങളുടെ അവകാശം എങ്ങനെയാണ് നിഷേധിക്കാന്‍ പറയാനാവുക എന്നാണ് സര്‍ക്കാറിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചത്. അത് നിഷേധിക്കാനായിരുന്നു ശ്രമം.
നവംബര്‍ എട്ടിന് പട്ടാള മേധാവികളെ വിളിച്ചു വരുത്തി സംസാരിച്ച ഉടനെയാണത്രെ, പ്രധാനമന്ത്രി നോട്ട് റദ്ദാക്കല്‍ നടപടി പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തിത്തീരുന്നതുവരെ, കാബിനറ്റ് മന്ത്രിമാരെപ്പോലും പുറത്തേക്ക് വിടാതെ അത്രക്ക് ബന്തവസ്സിലാണ് കാര്യം നടത്തിയത് എന്ന് ഉടനെ തന്നെ സ്തുതിഗീതങ്ങളുയര്‍ന്നു. ഇത്രയും വിശ്വസിക്കാന്‍ കൊള്ളാത്തവരാണോ കാബിനറ്റ് മന്ത്രിമാര്‍ എന്ന് സംശയിക്കുന്നതു പോലും ദേശവിരുദ്ധ ചിന്തയാണെന്ന മട്ടിലായിരുന്നു പ്രചാരണം . മണിക്കൂറുകള്‍ക്കകം രാജ്യത്താകെ മോദിയെ പ്രകീര്‍ത്തിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞത് യാദൃശ്ചികമല്ല. യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ബി.ജെ.പിയുടെ ബംഗാള്‍ ഘടകം വിശദീകരണക്കുറിപ്പിറക്കാന്‍ നിര്‍ബന്ധിതമായി, എട്ടാം തീയതി വൈകീട്ട് ആ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ഇന്ത്യന്‍ ബാങ്കിന്റെ സെന്‍ട്രല്‍ അവന്യൂ ശാഖയില്‍ രണ്ടു തവണയായി ഒരു കോടിയുടെ ആയിരം അഞ്ഞൂറു രൂപാ നോട്ടുകള്‍ നിക്ഷേപിച്ച കഥ പുറത്തായതോടെ! അതത്ര യാദൃശ്ചികമല്ലെന്ന് ആര്‍ക്കാണറിയാത്തത്?
നോട്ട് പിന്‍വലിക്കല്‍ നേരത്തെ തന്നെ അദാനിക്കും അംബാനിക്കും അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയത് ബി.ജെ.പിയുടെ ഒരു എം.എല്‍.എയാണ്. അതിനെയും യാദൃശ്ചികമെന്ന് വിശേഷിപ്പിക്കാനാവുമോ? സുരക്ഷാ സംവിധാനത്തിന്റെയും അതീവ രഹസ്യാത്മകതയുടെയും കള്ളക്കഥകള്‍ കൗശലപൂര്‍വം കെട്ടിച്ചമച്ചത് ഇത്തരം വസ്തുതകള്‍ മറച്ചു പിടിക്കാന്‍ തന്നെ. പ്രശ്‌നം അതുമല്ല. രാജ്യത്ത് ക്രയവിക്രയത്തിലുള്ള കറന്‍സിയുടെ 86 ശതമാനം വരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുമ്പോള്‍, ബാക്കി വരുന്ന 14 ശതമാനം കറന്‍സി കൊണ്ട് മാത്രം സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാം. അങ്ങനെ വരുന്ന പണച്ചുരുക്കത്തെ തടുത്തു നിര്‍ത്താനാവണമെങ്കില്‍, വേണ്ടത്ര ചെറിയ ഡിനോമിനേഷന്‍ നോട്ടുകള്‍ അടിച്ചിറക്കണം.അതിനൊന്നും നില്‍ക്കാതെ, പിന്‍വലിക്കുന്ന ആയിരം രൂപാ നോട്ടിനു പകരം രണ്ടായിരം രൂപയുടെ നോട്ടാണ് അടിക്കാന്‍ തീരുമാനിച്ചത്. അതിന്റെ 40 ശതമാനമാണത്രെ അടിച്ചു കിട്ടിയത്. അതു തന്നെയും എ.ടി.എമ്മുകളില്‍ വയ്ക്കാന്‍ പറ്റാത്ത നീളവും വീതിയുമായി! അവ വയ്ക്കാനായി ഇനി രാജ്യത്തെ രണ്ടു ലക്ഷത്തിലേറെ എ.ടി.എമ്മുകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച് വെട്ടിയടുക്കണം. രാജ്യത്ത് പണചംക്രമണം നടന്നു പോവണമെങ്കില്‍ അതിനു വേണ്ട ചെറിയ തുകക്കുള്ള നോട്ടുകള്‍ അടിച്ചുണ്ടാക്കുകയും വേണം. മാസങ്ങള്‍ നീണ്ടു നില്‍ക്കും ഇത് നടത്തിയെടുക്കാന്‍ .
പ്രഖ്യാപനം നടത്തിയ ഉടന്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത് രണ്ടു ദിവസം ക്ഷമിക്കണമെന്നാണ്. ധനമന്ത്രി രണ്ടാഴ്ച മുണ്ടു മുറുക്കിയുടുത്താല്‍ പ്രശ്‌നം തീരുമെന്നു പറഞ്ഞു. പിന്നെ വീണ്ടും പ്രധാനമന്ത്രി ആവശ്യപ്പെട്ടത് 50 ദിവസമാണ്.10 ദിവസമാകുമ്പോഴേക്ക് 47 പേരുടെ മരണത്തിനിട വരുത്തിയ ഒരു തല തിരിഞ്ഞ നടപടിയുടെ ദുരന്തമാനം കൂടുക തന്നെയാണ് എന്നര്‍ഥം.
ഇത്രക്കേറെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ നോട്ട് പിന്‍വലിക്കല്‍ നടപടി ലോകത്തെ വിടെയും നടന്നിട്ടില്ല; ഇനി നടക്കുകയുമില്ല. ഇന്ത്യയില്‍ത്തന്നെ ഇതിനു മുന്‍പ് നടന്ന രണ്ട് നോട്ട് റദ്ദാക്കല്‍ നടപടികളും സാധാരണ ജനങ്ങളെ സ്പര്‍ശിച്ചതേയില്ല. മൊറാര്‍ജിയുടെ കാലത്ത് മാത്രമല്ല സായ്പ് ഭരിച്ചപ്പോഴും ഇക്കാര്യത്തില്‍ ശ്രദ്ധ വച്ചിരുന്നു. സാധാരണക്കാര്‍ കൈകാര്യം ചെയ്ത നോട്ടുകളല്ല. അന്നത്തെ ആയിരം രൂപയും അതിനു മുകളിലുള്ളതുമാണ് പിന്‍വലിച്ചത്. എന്നാല്‍ ഇപ്പോഴത്തെ നടപടി മുഴുവന്‍ സാധാരണ മനുഷ്യരെയും ഒരു പോലെ തകര്‍ത്തെറിയുന്നതാണ്.
മാത്രവുമല്ല, ഇത്രയേറെ മനുഷ്യരെ ഇങ്ങനെ വിഷമിപ്പിച്ച് കണ്ടെത്തുന്ന കള്ളപ്പണമോ? കറന്‍സിയായി പൂഴ്ത്തിവച്ച കാശ് രാജ്യത്തെ കണക്കില്‍ പെടാത്ത കള്ളപ്പണത്തിന്റെ ആറ് ശതമാനമേ വരൂ . ബാക്കിയൊക്കെ സ്വിസ് ബാങ്കിലും ഓഫ് ഷോര്‍ ബാങ്കിങ്ങ് കേന്ദ്രങ്ങളിലും അട്ടിയിട്ടിരിക്കുകയാണ്. അതു കണ്ടെത്തി നാട്ടിലെത്തിച്ച് കെട്ട് പൊട്ടിച്ച് ഓരോരുത്തര്‍ക്കും 15 ലക്ഷം അക്കൗന്‍ഡിലിട്ടു കൊടുക്കും എന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അത് നടത്താന്‍ മോദിയുടെ വര്‍ഗപരമായ നിലപാട് കാരണം സാധ്യമല്ല. അങ്ങനെയാണ് തേങ്ങയുടക്കുന്നതിനു പകരം ചിരട്ടയുടയ്ക്കാന്‍ തീരുമാനിച്ച് നോട്ട് റദ്ദാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത് .
ഒന്നുകില്‍ ആനപ്പൊട്ടത്തരം. അല്ലെങ്കില്‍ അതിസാമര്‍ഥ്യം. അതല്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല. ഭരണത്തിലേറി രണ്ടരക്കൊല്ലമായി. നല്ലതൊന്നും ചെയ്യാനായില്ല. സര്‍വത്ര അസംതൃപ്തി. സംഘ്പരിവാര്‍ സംഘടനയടക്കം മുഴുവന്‍ തൊഴിലാളികളും പ്രക്ഷോഭത്തില്‍. കര്‍ഷകര്‍ രാഷ്ട്രീയാതീതമായി ഒന്നിച്ച് സര്‍ക്കാര്‍ നടപടി തിരുത്തിക്കുന്നു. സര്‍വകലാശാലകള്‍ പുകയുന്നു, ദളിതര്‍ പുതിയ മുന്നേറ്റത്തില്‍. കാണാതായ നജീബിനെ ഇന്ത്യ മുഴുവന്‍ ഒന്നിച്ചന്വേഷിക്കുന്നു. മോദിയുടെ റെയ്റ്റിങ് ഇടിഞ്ഞുതാഴുന്നു. ഒറ്റയടിക്ക് അതിനെ മറികടക്കാന്‍, പ്രശ്‌നങ്ങളെയാകെ മറവിയിലാഴ്ത്തി ജനങ്ങളെ ഒറ്റ പ്രശ്‌നത്തിനു ചുറ്റും കറക്കാന്‍ ഇതൊരു തഞ്ചമാക്കിയതാവാനും വഴിയുണ്ട്. പക്ഷേ ചെന്ന് പിടിച്ചത് പുലിവാലായിപ്പോയെന്നു മാത്രം.
ഭാരതത്തിന്റെ കേന്ദ്ര ബാങ്കിന് ലോകത്ത് ഒരു നിലയും വിലയും ഉണ്ടായിരുന്നു. അത് തകര്‍ത്തെറിഞ്ഞുകൊണ്ട്, മണ്ടന്മാരുടെ ഹെഡാപീസോ ഇതെന്ന് ആരെക്കൊണ്ടും ചോദിപ്പിക്കുന്ന മഹാമണ്ടന്‍ നടപടിയായിപ്പോയി ഈ നോട്ട് റദ്ദാക്കല്‍!
(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അഖിലേന്ത്യ ഭാരവാഹിയും സാമ്പത്തിക നിരീക്ഷകനുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."