സെക്രട്ടറിയെ ഇടത് ജനപ്രതിനിധികള്‍ തടഞ്ഞുവച്ചു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിലെ ഡ്രൈവര്‍ നിയമനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല.
പുതിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള നിയമനം അംഗീകരിക്കാനായി ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച യോഗത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ മൊയ്തു കാസിമിന്റെ നിയമനം യു.ഡി.എഫിലെ എട്ട് പേരും സി.പി.എമ്മിലെ ഡാനിയേല്‍ ജോര്‍ജും അംഗീകരിച്ചതായി അറിയിച്ചു. ഇതോടെ എല്‍.ഡി.എഫിലെ നാലു അംഗങ്ങള്‍ നിയമനത്തില്‍ അഴിമതി ആരോപിച്ച് സെക്രട്ടറി ഇന്‍ ചാര്‍ജ് എ കരീമിനെ തടഞ്ഞു വക്കുകയായിരുന്നു.
ഡ്രൈവര്‍ നിയമന ബോര്‍ഡില്‍ കാസിമിന് അനുകൂലമായി മാര്‍ക്ക് രേഖപ്പെടുത്തിയ സി.പി.ഐയിലെ ദിനേശ് ബാബുവും സമരത്തില്‍ പങ്കെടുത്തു. ഇതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടായ സെക്രട്ടറിയെ പൊലിസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നിയമന നടപടികള്‍ നടന്നതെന്നും സെക്രട്ടറി നിയമ പ്രകാരമുള്ള നടപടികളെ സ്വീകരിച്ചിട്ടുള്ളൂ എന്ന് ബോധ്യപ്പെട്ടതിനാലാണ് സമരത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് ഡാനിയേല്‍ ജോര്‍ജ് പറഞ്ഞു.
നിയമനത്തെച്ചൊല്ലി സേവ് കോണ്‍ഗ്രസും വരും ദിവസങ്ങളില്‍ രംഗത്ത് വരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."