നിര്‍മാണ മേഖല പ്രതിസന്ധിയില്‍
മലപ്പുറം: നോട്ട് അസാധുവാക്കല്‍ നടപടി 13 ദിവസം പിന്നിട്ടപ്പോഴേക്കും നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയില്‍. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന 50 ശതമാനത്തിലേറെ കെട്ടിടം പണിയും നിര്‍ത്തിവച്ചതാണ് ഇതിനു കാരണം. സാധാരണ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അധികം നടക്കേണ്ട സമയമാണിത്. എന്നാല്‍ പഴയ 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കുകയും ബാങ്കിങ് ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് ഈ മേഖലയിലെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സഹകരണ ബാങ്കുകള്‍ നിശ്ചലമായത് ഗ്രാമീണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുകയും ചെയ്തു. കഴിഞ്ഞ 10 ദിവസമായി ഈ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെയും വില്‍പനയിലും 75 ശതമാനത്തിലേറെ ഇടിവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാങ്കുവഴി നേരത്തെ ഇടപാടുകള്‍ നടത്തിയിരുന്നവരുടെയും സ്ഥിരമായി പണം പിന്നീട് നല്‍കിയിരുന്ന വന്‍കിട നിര്‍മാതാക്കളുടെയും ഒഴിച്ചുകൂടാനാവാത്ത നിര്‍മാണങ്ങള്‍ മാത്രമാണ് നടക്കുന്നത്. സാധാരണക്കാരുടെ കെട്ടിട നിര്‍മാണ പ്രവൃത്തി നടക്കാത്തതിനാല്‍ 75 ശതമാനം ചെറുകിട കരാറുകാരും പ്രതിസന്ധിയിലാണ്. കൈവശമുള്ള നോട്ട് മാറ്റാന്‍ തന്ത്രപ്പെടുന്ന പല കമ്പനികളും പഴയ നോട്ട് സ്വീകരിക്കുന്നില്ല. പുതിയ നോട്ട് ആവശ്യത്തിനില്ലാത്തതിനാല്‍ തൊഴിലാളികളുടെ കൂലി നല്‍കാന്‍ പോലും മിക്ക കരാറുകാര്‍ക്കും സാധിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ പലരും നാട്ടില്‍ പോകുമ്പോഴാണ് കരാറുകാര്‍ കൂലി നല്‍കാറുള്ളത്. എന്നാല്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകക്ക് നിയന്ത്രണമുള്ളതാണ് ഈ മേഖലയില്‍ പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. സിമന്റ്, കമ്പി ബിസിനസിലും 10 ദിവസമായി വന്‍ ഇടവാണ് കാണുന്നത്. പഴയ നോട്ടുമായി എത്തുന്നവര്‍ക്ക് സാധനം നല്‍കുന്നില്ല. അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്തും ചെക്ക് മാറ്റിയുമെല്ലാമാണ് അത്യാവശ്യക്കാര്‍ക്ക് സിമന്റും കമ്പിയും നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."