വിസ്മയ കാഴ്ചയൊരുക്കി കാര്‍ഷിക ഗവേഷണകേന്ദ്രം
ചെറുവത്തൂര്‍: നൂറാം വാര്‍ഷികത്തില്‍ നൂറിനം നെല്‍ച്ചെടികള്‍ നട്ടുവളര്‍ത്തി കാര്‍ഷിക ഗവേഷണകേന്ദ്രം. നാടന്‍ ഇനങ്ങള്‍ മുതല്‍ ജപ്പാന്‍ വയലറ്റ് വരെയുള്ള നെല്‍ച്ചെടികള്‍ ഇവിടെ കാഴ്ചക്കാരില്‍ വിസ്മയം നിറയ്ക്കുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രം ശതാബ്ദി ആഘോഷഭാഗമായി ഒരുക്കിയ കാര്‍ഷിക പ്രദര്‍ശനത്തില്‍ കര്‍ഷകരെയും കൃഷിയെ സ്‌നേഹിക്കുന്നവരെയും ഏറെ ആകര്‍ഷിക്കുകയാണ് ആകര്‍ഷകമായ രീതിയില്‍ നട്ടുപിടിപ്പിച്ച നെല്‍ച്ചെടികള്‍. മനോഹരമായ ഇലകളോടെ വിടര്‍ന്നു നില്‍ക്കുന്ന ജപ്പാന്‍ വയലറ്റ് മുതല്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത തെരെഞ്ഞെടുത്ത ഇനങ്ങളുള്‍പ്പെടെ നെല്‍ച്ചെടികള്‍ ഇവിടെ കണ്ടറിയാം.
പാക്കിസ്ഥാനില്‍ നിന്നുള്ള ബസ്മതി, ലവണാംശം കലര്‍ന്ന മണ്ണില്‍ ഡി.എന്‍.എ പഠനത്തിനായി എത്തിച്ച ഫിലിപ്പൈന്‍സിന്റെ നെല്‍ച്ചെടി, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഒറീസയുടെ ജഡാദി, ആന്ധ്രപ്രദേശിലെ ജയ എന്നിങ്ങനെ നീളുന്നു നെല്ലിനങ്ങളുടെ വൈവിധ്യം. മൂന്ന് വിഭാഗങ്ങളായി തിരിച്ച നെല്‍ച്ചെടി മാതൃക ജനിതകവൈവിധ്യമുള്ള നാടന്‍ നെല്ലിനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഇവിടെ നിന്നും നല്‍കുന്ന കൃഷിയറിവുകളും കര്‍ഷകര്‍ക്ക് ഏറെ ഉപകാര പ്രദമാണ്. വരിനെല്ലുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന പാടങ്ങളില്‍ പരീക്ഷണ കൃഷി ഇറക്കാന്‍ ജപ്പാന്‍ വയലറ്റ് നെല്‍വിത്ത് ഉപയോഗപ്പെടുത്താം എന്ന കണ്ടെത്തലുണ്ട്.
വരിനെല്ലുകള്‍ സാധാരണ തിരിച്ചറിഞ്ഞു പിഴുതു മാറ്റുക ശ്രമകരമാണ്. അത്തരം പാടങ്ങളില്‍ നല്ല വയലറ്റ് നിറത്തിലുള്ള ജപ്പാന്‍ നെല്‍കൃഷി ഇറക്കി വരിനെല്ലിനെ കണ്ടെത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.
വിവിധ ഇനങ്ങളായ സിഗാപ്പയി, ശ്യാമള, മഷൂരി, മട്ടത്രിവേണി, കൈരളി, ആശ, ഭദ്ര, രമണിക, ഉമ, കൃഷ്ണാഞ്ജന, ഐ.ആര്‍.29, രാജമേനി, കുഞ്ഞുകുഞ്ഞു, ചെന്നെല്ല്, മീറ്റര്‍, അമ്പലവയല്‍, ചോമ്പാലന്‍ തുടങ്ങിയവയെല്ലാം പ്രത്യേകമായി ഒരുക്കിയ നെല്‍പാടത്തെ ആകര്‍ഷകമാക്കുന്നു. നൂറുകണക്കിനാളുകളാണ് അഗ്രിഫിയസ്റ്റ എന്ന പേരില്‍ ഒരുക്കിയ പ്രദര്‍ശനം കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."