ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച: അഞ്ചു പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ് 25 ലക്ഷം വീതം പിഴയടക്കണം
കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചാ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം വീതം കഠിനതടവിനും 25 ലക്ഷം വീതം പിഴക്കും കോടതി ശിക്ഷിച്ചു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനിലാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിച്ചത്. ഏഴാം പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം വീതം വീണ്ടും തടവ് അനുഭവിക്കണം. പിഴയിനത്തില്‍ ലഭിക്കുന്ന 125 കോടിരൂപയില്‍ നിന്ന് 75 ലക്ഷം രൂപ ബാങ്കിനു നഷ്ടപരിഹാരമായി പ്രതികള്‍ നല്‍കാനും കോടതി ഉത്തരവായി. കര്‍ണാടക കുശാല്‍ നഗര്‍ ബൈത്തനഹള്ളി സ്വദേശി സുലൈമാന്‍(43), ബളാല്‍ കല്ലന്‍ചിറ സ്വദേശി അബ്ദുല്‍ ലത്തീഫ്(39), ഇടുക്കി രാജഗിരി സ്വദേശി എം.ജെ മുരളി എന്ന തൊരപ്പന്‍ മുരളി(45), ചെങ്കള ബേര്‍ക്ക സ്വദേശി അബ്ദുല്‍ ഖാദര്‍ എന്ന മനാഫ്(30), കാഞ്ഞങ്ങാട് ബല്ല മുറിയനാവ് സ്വദേശി മുബഷീര്‍(24) എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ഏഴാം പ്രതി കര്‍ണാടക കുടക് സ്വദേശി അബ്ദുല്‍ ഖാദറിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതേവിട്ടത്. ആറാം പ്രതി കര്‍ണാടക ശാന്തി ഹള്ളയിലെ അഷ്‌റഫ്(30) ഇപ്പോഴും ഒളിവിലാണ്.
2015 സെപ്റ്റംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുവത്തൂര്‍ വിജയാ ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച 20.4 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വ്യാപാര ആവശ്യത്തിനെന്ന പേരില്‍ ബാങ്കിന്റെ താഴെ നിലയിലുള്ള ആറുമുറികള്‍ വാടകക്കെടുത്ത് ആസൂത്രിതമായി മുകളിലെ സ്ലാബ് തുരന്നാണ് മോഷണം നടത്തിയത്. കടയില്‍ ഫര്‍ണിഷിങ് ജോലി നടത്തുകയാണെന്ന വ്യാജേനയായിരുന്നു ഇത്. പ്രോസിക്യൂഷനുവേണ്ടി 85 സാക്ഷികളെ വിസ്തരിച്ചു. 1198 തൊണ്ടി മുതലുകളും 745 ഓളം രേഖകളും തെളിവിനായി ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. പ്രഭാകരന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."