സര്‍വകക്ഷി യോഗത്തില്‍ ആര്‍.എസ്.പിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ സംസ്‌കാരത്തിന് വിരുദ്ധമെന്ന്
കൊല്ലം: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ആര്‍.എസ്.പി യെ ക്ഷണിക്കാത്തത് കേരളത്തിലെ ഉല്‍കൃഷ്ഠമായ രാഷ്ട്രീയ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമാണെന്ന് കാണിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാണ് ആര്‍.എസ്.പി. ഒരു അംഗീകൃത രാഷ്ട്രീയ പ്രസ്ഥാനത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ക്ഷണിക്കാതിരുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികളെ വിളിക്കുമ്പോള്‍ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെ ഒഴിവാക്കിയത് ന്യായീകരിക്കാവുന്നതല്ല.കേരളത്തിലെ വിശാല രാഷ്ട്രീയ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമായ ഈ നടപടി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
പുറ്റിങ്ങല്‍: യൂസഫലി നല്‍കിയ തുക വകമാറ്റിയതില്‍ അന്വേഷണം വേണമെന്ന്
കൊല്ലം: പുറ്റിങ്ങല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനായി ലുലുഗ്രൂപ്പ് ഉടമ എം.എ യൂസഫലി ഏല്‍പ്പിച്ച രണ്ടു കോടി രൂപ വക മാറ്റിയതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു. തുക വകമാറ്റിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരവൂര്‍ നഗരത്തില്‍ നടന്ന 12 മണിക്കൂര്‍ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതരെ വഞ്ചിച്ച സര്‍ക്കാര്‍ നിലപാട് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പരവൂര്‍ സജീബ് അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ നെടുങ്ങോലം രഘു, എന്‍. ജയചന്ദ്രന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയന്‍ യു.ഡി.എഫ് ചെയര്‍മാന്‍ പരവൂര്‍ രമണന്‍, ഡി.സി.സി ഭാരവാഹികളായ എ.ഷുഹൈബ്, സിസിലി സ്റ്റീഫന്‍, എന്‍.ഉണ്ണികൃഷ്ണന്‍ മണ്ഡലം പ്രസിഡന്റുമാരായ ബിജു പാരിപ്പള്ളി, എസ്.സുനില്‍കുമാര്‍, അഭിലാഷ്‌കുമാര്‍, വി.കെ.സുനില്‍കുമാര്‍, സുജയ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."