മദ്‌റസാ ഗ്രാന്റ്: സംസ്ഥാന സര്‍ക്കാരിനെ പഴിചാരി കേന്ദ്ര വഖ്ഫ് കൗണ്‍സില്‍
മലപ്പുറം: സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്‌റസാ നവീകരണ പരിപാടി നിലച്ചതിനു സംസ്ഥാന സര്‍ക്കാരിനെ പഴിചാരി കേന്ദ്ര വഖ്ഫ് കൗണ്‍സില്‍. മദ്‌റസാ നവീകരണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഗ്രാന്റ് വിതരണം മുടങ്ങിയത് കേന്ദ്രത്തിന്റെ അറിവോടെയല്ലെന്നും നേരത്തെ വിതരണം ചെയ്ത തൊണ്ണൂറു കോടിയുടെ കണക്കുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് കാരണമെന്നും കൗണ്‍സില്‍ അംഗം അഡ്വ. ടി.ഒ നൗഷാദ്. പദ്ധതി നിര്‍ത്തലാക്കിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ സഹായം നല്‍കുന്നുണ്ടെന്നും വഖ്ഫ് ബോര്‍ഡ് പ്രവര്‍ത്തനം രാജ്യത്ത് സജീവമാക്കുമെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ടി.ഒ നൗഷാദ് പറഞ്ഞു.
മദ്‌റസകളില്‍ സ്‌കൂള്‍ വിഷയങ്ങള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍ നല്‍കുന്ന പദ്ധതിയില്‍ സയന്‍സ് ലാബ്, കംപ്യൂട്ടര്‍, ലൈബ്രറി തുടങ്ങിയവയും അധ്യാപകര്‍ക്കുള്ള വേതനവും കേന്ദ്ര ഫണ്ടിലൂടെ കൈമാറിയിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ രംഗത്ത് ഏറെ ശ്രദ്ധേയമായ പദ്ധതി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പദ്ധതിക്കായി പുതിയ അപേക്ഷയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതേസമയം യു.പി.എയില്‍ നിന്നു മാറി ന്യൂനപക്ഷ വികസനം പ്രത്യേക അജന്‍ഡയായി നിശ്ചയിച്ചാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നു കൗണ്‍സില്‍ അംഗം അവകാശപ്പെട്ടു.
വഖ്ഫ് ആക്റ്റ് അനുസരിച്ചു മൂന്നു അംഗങ്ങളുള്ള വഖ്ഫ് ട്രൈബ്യൂണല്‍ കേരളത്തില്‍ ഇതേ വരേ നിലവില്‍ വന്നിട്ടില്ല. നിലവിലുള്ള മൂന്നു വഖ്ഫ് ട്രൈബ്യൂണലുകളും അടിയന്തരമായി മൂന്നംഗ സമിതിയായി മാറ്റണമെന്നു സംസ്ഥാന വഖ്ഫ് മന്ത്രിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ ബോര്‍ഡിനു കീഴിലുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലാണ് വഖ്ഫ് കേസുകള്‍ നടത്തുന്നത്. ഇതു മാറി പ്രത്യേക സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിക്കണം.
എറണാകുളത്ത് വിദ്യാഭ്യാസ കോംപ്ലക്‌സ് സ്ഥാപിക്കുകയെന്ന സംസ്ഥാന വഖ്ഫ് ബോര്‍ഡ് നിര്‍ദേശത്തോട് കേന്ദ്ര വഖ്ഫ് കൗണ്‍സിലിനു അനുകൂല നിലപാടാണുള്ളത്. മാതൃകാപരമാണ് കേരളാ വഖ്ഫ് ബോര്‍ഡ് എന്നും വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള പോലെ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന് കാബിനറ്റ് പദവി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."