സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും ഏകസിവില്‍കോഡിനെയും നോട്ട് നിരോധനം മുക്കി
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഏകസിവില്‍കോഡും ബി.ജെ.പി ഉയര്‍ത്തികൊണ്ടുവന്നെങ്കിലും നോട്ട് നിരോധനം കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കും ഏല്‍പ്പിച്ചത്. പ്രതിപക്ഷത്തിനാകട്ടെ നോട്ടു നിരോധനം അപ്രതീക്ഷിതമായി വീണു കിട്ടിയ വടിയായി മാറുകയും ചെയ്തു.
സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ദേശീയവികാരം എന്ന തുറുപ്പുചീട്ട് പുറത്തെടുക്കാനും ഏകസിവില്‍കോഡിലൂടെ ഹൈന്ദവവോട്ട് ഏകീകരണം നടത്താനുമായിരുന്നു അടുത്തു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പി പദ്ധതിയിട്ടിരുന്നത്. ഇതിന് കനത്ത തിരിച്ചടിയാണ് ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതുവഴി ഉണ്ടായത്.
നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകള്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടിലേക്ക് എത്തിയെന്ന ആശങ്ക പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
കള്ളപ്പണക്കാര്‍ക്കെതിരേ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്കു കഴിഞ്ഞെന്നു വരുത്തിതീര്‍ക്കാമെന്നായിരുന്നു നോട്ടു നിരോധനത്തിലൂടെ ബി.ജെ.പി ലക്ഷ്യം വച്ചതെങ്കിലും ആസൂത്രണമില്ലാത്ത നടപടിയിലൂടെ ആ നീക്കം പാളി.
നോട്ട് നിരോധനം ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ എങ്ങനെയായിരിക്കും പ്രതിഫലിക്കുകയെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. ചതുഷ്‌കോണ മല്‍സരം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ബി.എസ്.പി, കോണ്‍ഗ്രസ്, എസ്.പി, ബി.ജെ.പി എന്നീ നാലുകക്ഷികളും നേരത്തെ സംസ്ഥാനം ഭരിച്ചവരുമാണ്. ഇതില്‍ ബി.ജെ.പിയൊഴിച്ചുള്ള മൂന്നുകക്ഷികളും നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ യോജിച്ചു പ്രക്ഷോഭം നടത്തിവരികയാണ്.
അതിനു പുറമെ സംസ്ഥാനത്തു നടക്കുന്ന പ്രചാരണങ്ങളില്‍ നോട്ട് നിരോധനം സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഈ മൂന്നു കക്ഷികളും ആഞ്ഞടിക്കുന്നുമുണ്ട്. അതിനാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കു മറുപടി പറയല്‍ മാത്രമായി ബി.ജെ.പിയുടെ പ്രചാരണപരിപാടികള്‍ ചുരുങ്ങുമോയെന്നാണ് നേതാക്കളുടെ ആശങ്ക. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നും അവര്‍ ഭയപ്പെടുന്നു.
നോട്ട് നിരോധനത്തില്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിന്ന് ബി.ജെ.പി വിരുദ്ധ വികാരം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം.
അതിനിടയില്‍ നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഉത്തര്‍പദേശില്‍ പ്രതിഷേധമുണ്ടായേക്കുമെന്ന ഭയംമൂലം ലഖ്‌നോവില്‍ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ബി.ജെ.പി റദ്ദാക്കിയതായും വിവരമുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് ഒരു മാസം ഒരു റാലിയെന്ന വിധത്തിലെങ്കിലും പ്രചാരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് ലഖ്‌നോ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."