രമിത്ത് വധം: സി.പി.എം നേതാവ് ഉള്‍പ്പെടെ രണ്ടു പേര് റിമാന്‍ഡില്‍
തലശ്ശേരി: പിണറായിയിലെ ബി.ജെ.പി പ്രവര്ത്തകന് കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സി.പി.എം പിണറായി ഏരിയാ കമ്മറ്റിയഗംവും എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ പിണറായി ചേരിക്കലിലെ ശാരദാസില്‍ പി.എം അഖില്‍(25), സി.പി.എം പ്രവര്ത്തകന് പിണറായി കുമ്പള ബസാറിലെ വടക്കേപുരയില്‍ സി പ്രയാഗ്(21) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ ചൊവ്വാഴ്ച വൈകുന്നേരം പിണറായിയില്‍ തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ രമിത്തിനെ കൊലപ്പെടുത്താന്‍ പോയ ബൈക്കും പൊലിസ് കണ്ടെടുത്തു.
കൊലപാതകം ആസൂത്രണം ചെയ്തത് അഖിലാണെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. സംഘത്തെ ഏര്‍പ്പാടാക്കിയതും കൊലപാതക പദ്ധതി തയാറാക്കിയതും അഖിലാണെന്ന് പൊലിസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രയാഗ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. മൂന്ന് ബൈക്കുകളിലായെത്തിയാണ് അക്രമി സംഘം രമിത്തിനെ കൊലപ്പെടുത്തിയത്. ഇതില്‍ ഒരു ബൈക്ക് ഓടിച്ചിരുന്നത് പ്രയാഗായിരുന്നെന്ന് പ്രതി മൊഴി നല്കി. കഴിഞ്ഞ ദിവസം പിണറായിയിലെ ചിറയില്‍ വീട്ടില്‍ ഖാദര്‍ എന്ന ജിജേഷി(32)നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ രമിത്ത് വധക്കേസില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."