തോട്ടപ്പള്ളി തുറമുഖത്തെ മണലെടുപ്പ് ; ധീവരസഭയില്‍ ഭിന്നത
അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തെ മണലെടുപ്പുമായി ബന്ധപ്പെട്ട് ധീവരസഭയില്‍ വിവാദം കൊഴുക്കുന്നു. സംഘടന പിളരാന്‍ സാധ്യത.
ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ എന്നിവര്‍ ഹാര്‍ബറില്‍ നിന്ന് ഐ.ആര്‍.ഇക്ക് മണലെടുക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതാനും മാസമായി ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ഐ.ആര്‍.ഇയ്ക്ക് മണല്‍ നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. താലൂക്ക് കമ്മറ്റിയുടെ കീഴിലുള്ള 25 കരയോഗങ്ങളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഒരാഴ്ച മുമ്പ് മണലെടുക്കാന്‍ വന്‍ പൊലീസ് സംരക്ഷണത്തോടെ ഐ.ആര്‍.ഇ എത്തിയെങ്കിലും ധീവരസഭാ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇവര്‍ക്ക് പിന്മാറേണ്ടിവന്നു.
എന്നാല്‍ താലൂക്ക് കമ്മറ്റി സെക്രട്ടറിയായ കോണ്‍ഗ്രസ് നേതാവ് ഇതില്‍ നിന്ന് വിട്ടുനിന്നു. വി. ദിനകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നേതാവ് വിട്ടുനിന്നതെന്ന് ധീവരസഭാ നേതാക്കള്‍ ആരോപിക്കുന്നു. താലൂക്ക് സെക്രട്ടറിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് എല്ലാ കരയോഗങ്ങളുടെയും അഭിപ്രായം.
തങ്ങളുടെ സമരത്തിനെതിരെ നിലപാടെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ കരയോഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ മാസം 26ന് കൊച്ചിയില്‍ അഖില കേരള ധീവരസഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. സമരത്തില്‍ നിന്ന് പിന്മാറാനാണ് സംസ്ഥന നേതൃത്വം ആവശ്യപ്പെടുന്നതെങ്കില്‍ ധീവരസഭ പിളരുമെന്ന് താലൂക്ക് ഭാരവാഹികള്‍ അറിയിച്ചു.
തുടക്കം മുതല്‍ താലൂക്ക് കമ്മറ്റിയുടെ നിലപാടിനെതിരെയായിരുന്നു സംസ്ഥാന നേതൃത്വം നിലകൊണ്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് തീരവാസികളുടെ സംരക്ഷണത്തിനായി മണലെടുപ്പിനെതിരെ താലൂക്ക് കമ്മറ്റി പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയത്.
എതായാലും 26ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗതീരുമാനം പുറത്തുവന്നശേഷം ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് താലൂക്ക് കമ്മറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."