അവഗണനയുടെ നടുവില്‍ അരൂര്‍ റെയില്‍വെ സ്റ്റേഷന്‍
അരൂര്‍: അരൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനം അവഗണനയുടെ പാളങ്ങളില്‍ ഇഴഞ്ഞു നീങ്ങിയിട്ടും പരിഹാരമാര്‍ഗങ്ങളില്ല.ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തീരദേശ റെയില്‍ പാതയുടെ ഭാഗമായ അരൂര്‍ റെയില്‍വെ സ്റ്റേഷനെ അധികൃതര്‍ അവഗണിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോല്‍പന്ന മേഖലയുടെ പ്രധാന കേന്ദ്രമാണ് അരൂര്‍. ജില്ലയുടെ വടക്കന്‍ മേഖലയിലെ പഞ്ചായത്തുകള്‍ കൂടാതെ വിവിധ മേഖലയിലുള്ള നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്. അരൂര്‍,അരൂക്കുറ്റി,പൂച്ചാക്കല്‍,തീരദേശ റെയില്‍ പാതയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുള്ള എഴുപുന്ന,കുമ്പളങ്ങി, ചെല്ലാനം,നീണ്ടകര ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് ഈ റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ റെയില്‍വേയുടെ വികസനം വഴിമുട്ടിയത് മേഖലയെയും ഏറെ ബാധിച്ചിട്ടുണ്ട്.റെയില്‍വെ വഴി എത്തുന്ന സാധനങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ എറണാകുളത്തേയോ ചേര്‍ത്തലയേയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇരുപത് കിലോമീറ്ററോളം ദൂരെയുള്ള ഇവിടെ എത്താന്‍ ചെറുകിടക്കാര്‍ക്ക് അധിക ചെലവും സമയനഷ്ടവും ഉണ്ടാകുന്നു. റെയില്‍വെ വഴിയുള്ള പാഴ്‌സലുകള്‍ എത്തിക്കാന്‍ ചെലവ് കുറവായതിനാല്‍ സമുദ്രോല്‍പന്നങ്ങള്‍ ഉള്‍പ്പടെയുള്ള ധാരാളം സാധനങ്ങള്‍ തീരദേശ റെയില്‍വെ വഴി എത്തുന്നു. ഭാവിയില്‍ അരൂരിന്റെ
വികസനത്തിന് നാഴികകല്ലാകേണ്ട റെയില്‍വെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ അത് റെയില്‍വേക്കും നാടിനും നഷ്ടത്തിന്റെ കണക്ക് മാത്രമായിരിക്കും ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍.
കോടികള്‍ മുടക്കി റെയില്‍പാത വികസിക്കുമ്പോഴും സ്റ്റേഷന്റെ വികസനവും അറ്റകുറ്റപണിയും പാതിവഴിയിലൊതുങ്ങിയിരിക്കുകയാണ്.ആവശ്യമായ മേല്‍ക്കുരയോ ശുചിമുറികളോ ഇല്ല. ഉള്ളത് ജീര്‍ണ്ണാവസ്തയിലുള്ളതും ശുചിത്വമില്ലാത്തവയുമാണ്. ചെറുസ്റ്റേഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ശുചിത്വകുറവിന് കാരണമാകുന്നത്. ചെറുസ്റ്റേഷനുകളില്‍ നാമമാത്ര പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. സന്ധ്യക്ക് മുന്‍പു തന്നേ ട്രെയിനുകള്‍ എത്തിചേരുന്നതിനാല്‍ രാത്രികാലങ്ങളില്‍ ജീവനക്കാര്‍ ഉണ്ടാകാറില്ല. അതിനാല്‍ രാത്രികാലങ്ങളില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.രാത്രിയുടെ മറവില്‍ ഇവിടെ കഞ്ചാവ്,മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ട്.
അടുത്തിടെ അരൂര്‍ പൊലീസ് സ്റ്റേഷനില്‍ പിടിച്ച കഞ്ചാവ് കേസില്‍ രണ്ട് പ്രതികളെ കിട്ടിയത് അരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ്. റെയില്‍വെ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലുമാണ് കഞ്ചാവ്,മയക്കുമരുന്ന് വില്‍പന നടത്തുന്നവര്‍ തമ്പടിക്കുന്നത്. ഒറ്റക്ക് ഈ പ്രദേശങ്ങളിലൂടെ എത്തുന്നവര്‍ ഭീതിയോടെയാണ് മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."