തകര്‍ന്ന റോഡുകള്‍: മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
കൊച്ചി: ജില്ലയിലെ വിവിധ റോഡുകള്‍ മാസങ്ങളായി തകര്‍ന്നുകിടന്നിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടി.
എറണാകുളം ചിന്‍മയ വിദ്യാലയങ്ങള്‍ക്ക് മുന്‍വശം, പശ്ചിമകൊച്ചി, കുമ്പളങ്ങി പ്രിയദര്‍ശിനി ബസ്സ്‌സ്റ്റോപ്പ് മുതല്‍ പഴങ്ങാട് കവല, തോപ്പുംപടി മുതല്‍ മട്ടാഞ്ചേരി വരെയുള്ള മൗലാന അസാദ് റോഡ്, ചുള്ളിക്കല്‍, പനയപ്പിള്ളി, കപ്പലണ്ടി മുക്ക്, തോപ്പുംപടി ഹാര്‍ബര്‍ പാലം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളാണ് തകര്‍ന്നു തരിപ്പണമായിരിക്കുന്നത്.
പള്ളുരുത്തി സുറിയാനിപ്പള്ളിക്ക് മുമ്പിലുള്ള ടാര്‍റോഡ് സ്ഥിരമായി തകരുന്നതിനാല്‍ ടൈല്‍ റോഡ് നിര്‍മിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ടൈല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കി.
എറണാകുളം ജില്ലാകലക്ടര്‍, റോഡുകളും പാലങ്ങളും വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി എന്നിവര്‍ ഒരു മാസത്തിനകം തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നേരത്തെ തമ്പി നല്‍കിയ സമാനമായ പരാതിയില്‍ റോഡുകള്‍ നന്നാക്കാന്‍ ഹൈക്കോടതിയും സബ്‌കോടതിയും ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവ് പൊതുമരാമത്ത് വകുപ്പ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."