ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരേ തെരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടിസ്
ഈരാറ്റുപേട്ട: നഗരസഭയിലെ പൊതുമുതലുകള്‍ നശിപ്പിച്ചതിന് നേതൃത്വം നല്‍കിയ നഗരസഭാ ചെയര്‍മാനെയും കൗണ്‍സിലര്‍ പി എച്ച് ഹസീബിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍ നിസാര്‍ കുര്‍ബാനി സമര്‍പ്പിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചു.
വിവിധ സംഭവങ്ങളിലായി ആറു ലക്ഷം രൂപയുടെ നഷ്ടം നഗരസഭയ്ക്കുണ്ടാക്കിയ ചെയര്‍മാനെയും കൗണ്‍സിലറെയും അയോഗ്യരാക്കണമെന്നാണ് ആവശ്യം. പരാതിയില്‍ ഉന്നയിച്ച ആരോപണത്തിന്‍മേല്‍ ഈ മാസം 25 ന് കമ്മിഷന് മുന്‍പില്‍ ഹാജരാകാനാണ് ഉത്തരവ്.
ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ ചെയര്‍മാന്റെ പെരുമാറ്റം മോശമാണെന്നും തുല്യനീതി ഉറപ്പുവരുത്തുന്നതില്‍ ചെയര്‍മാന്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. സെപ്റ്റംബര്‍ 28 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ കുരിക്കള്‍ നഗറിലെ പൊതുയോഗ നിയന്ത്രണം ചര്‍ച്ചയ്ക്കുവയ്ക്കുകയും എന്നാല്‍ അലസിപ്പിരിഞ്ഞ ഈ കൗണ്‍സിലിന്റെ മിനുട്‌സില്‍ സെക്രട്ടറിയുടെ ഡ്രാഫ്റ്റിനു വിരുദ്ധമായി ചെയര്‍മാന്‍ സ്വന്തം അജണ്ടകള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു.
ഇതേ ദിവസത്തെ കൗണ്‍സിലില്‍ പ്രതിപക്ഷമെമ്പര്‍മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സെര്‍വര്‍ റൂമിലെ കംപ്യൂട്ടറുകള്‍ ചെയര്‍മാനും കൗണ്‍സിലര്‍ പി.എച്ച് ഹസീബും തല്ലിത്തകര്‍ക്കുകയായിരുന്നുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഇതു സംബന്ധമായി നഗരസഭാസെക്രട്ടറിയെയും സെര്‍വര്‍ റൂമിന്റെ ചാര്‍ജുണ്ടായിരുന്ന ജീവനക്കാരിയുടെയും മൊഴികള്‍ കമ്മിഷനില്‍ ഹാജരാക്കിയിട്ടുണ്ട്.
2014-15 ല്‍ രണ്ടു ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി നവീകരിച്ച അഹമ്മദ് കുരിക്കള്‍ നഗര്‍ പാതിരാത്രിയില്‍ നശിപ്പിച്ചതിന്റെ പൂര്‍ണഉത്തരവാദിത്തം നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍ ഹസീബിനുമാണ്.
പിറ്റേ ദിവസത്തെ ചെയര്‍മാന്റെ പത്ര വാര്‍ത്ത, നശിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പൊലിസിനു നല്‍കിയ പരാതി, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഈ പരാതി പിന്‍വലിച്ചത്. പൊളിച്ചത് നിയമാനുസൃതമാക്കാന്‍ 28 ാം തിയതിയിലെ കൗണ്‍സില്‍ മിനുട്‌സില്‍ ചെയര്‍മാന്‍ നടത്തിയ കൃത്രിമത്വം ഇവയുടെയെല്ലാം രേഖകള്‍ പരാതിക്കാരന്‍ കമ്മിഷനില്‍ ഹാജരാക്കി. പൊതുമുതല്‍ നശിപ്പിച്ച ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരായ അന്വേഷണ കാലയളവില്‍ കൗണ്‍സിലറെ സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്താനുള്ള ഇടക്കാല ഉത്തരവുണ്ടാകണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിക്കാരനുവേണ്ടി അഡ്വ.ഹാഷിം ബാബു, അഡ്വ.സജിത, അഡ്വ. ഹാഫിസ് ബാബു എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."