പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിന് കാരണം നിയമസഭാ പ്രമേയമാണെന്ന് സൂചന
തിരുവനന്തപുരം: നോട്ട് നിരോധനവുമായി നടപടിയുമായി ബന്ധപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിലുള്ള കേന്ദ്രസര്‍ക്കാറിന്റെ അസംതൃപ്തിയാണ് പ്രധാനമന്ത്രിയുമായുള്ള സര്‍വകക്ഷി സംഘത്തിന്റെ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിക്കപ്പെടാന്‍ കാരണമെന്ന് സൂചന.
ഈ വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതു ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഭരണഘടനയുടെ ഏഴാം പട്ടികയില്‍ കറന്‍സി കേന്ദ്ര വിഷയമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതു നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതും പ്രമേയം പാസാക്കുന്നതും ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു വിരുദ്ധമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലെത്തിലെത്തിയ നിവേദക സംഘവുമായുള്ള ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അതൃപ്തി ജയ്റ്റ്‌ലി പ്രകടിപ്പിച്ചത്. ഇക്കാര്യം കുമ്മനം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
കേരളത്തില്‍ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പാസാക്കിയത്. സഹകരണേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണമന്ത്രി എ.സി. മൊയ്തീനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
അതേസമയം, കേരള നിയമസഭ പാസാക്കിയ പ്രമേയം സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെ വികാരമാണു പ്രതിഫലിപ്പിക്കുന്നതെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ല പ്രധാനമന്ത്രിയുടെ നിലപാടെന്നും കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നിന്നു പോയ ബിജെപി സംഘത്തിന്റെ നിര്‍ദേശമനുസരിച്ചാകാം സര്‍വകക്ഷി സംഘത്തെ കാണേണ്ടതില്ലെന്നു പ്രധാനമന്ത്രി തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."