മുസ്‌ലിംലീഗും സി.പി.എമ്മും വിട്ടുനിന്നു: എടപ്പറ്റയില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു
മഞ്ചേരി: എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം ചര്‍ച്ച ചെയ്യാനായി ഇന്നലെ രാവിലെ നടന്ന ഭരണസമിതി യോഗത്തില്‍നിന്നു നാലു മുസ്‌ലിംലീഗ് അംഗങ്ങളും അഞ്ചു സി.പി.എം അംഗങ്ങളും വിട്ടുനിന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്.
രാവിലെ 10ന് ആരംഭിച്ച യോഗനടപടികള്‍ ക്വാറം തികയാത്തതിനെ തുടര്‍ന്ന് അഞ്ചു മിനിറ്റിനകം അവസാനിപ്പിച്ച വരണാധികാരിയായ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കേശവദാസ്, പ്രസിഡന്റിനെതിരായ അവിശ്വാസം തള്ളിയതായി പ്രഖ്യാപിച്ചു.
ഒരു വര്‍ഷമായി ലീഗ്-സി.പി.എം പാര്‍ട്ടികള്‍ ചേര്‍ന്നാണ് പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അവിശ്വാസത്തിനായി നോട്ടീസ് നല്‍കിയിരുന്നത്. യു.ഡി.എഫ് അനുകൂലമായ നിലപാടെടുക്കണമെന്ന ലീഗ് ജില്ലാ കമ്മിറ്റിയുടെ വിപ്പ് മറികടന്നു ലീഗംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലീഗിലെ നാല് അംഗങ്ങള്‍ക്കു കമ്മിറ്റി ഇതുസംബന്ധമായ അറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പഞ്ചായത്തിലെ ലീഗ് അണികളില്‍ തൊണ്ണൂറ് ശതമാനത്തിന്റെയും വികാരം യു.ഡി.എഫ് സംവിധാനമായി മുന്നോട്ടുപോകുന്നതിന് എതിരായതിനാല്‍ ഇത് അവഗണിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നു എടപ്പറ്റ പഞ്ചായത്ത് മുസ്‌ലിംലീഗ് നേതൃത്വം വിശദീകരിച്ചു.
നിലവില്‍ യു.ഡി.എഫ് സംവിധാനത്തിനായി രംഗത്തിറങ്ങിയ കോണ്‍ഗ്രസ് ഇതിനുമുന്‍പായി പഞ്ചായത്ത് ലീഗ് നേതൃത്വവുമായി ചര്‍ച്ചകള്‍ക്കു തയാറാകുകയോ ലീഗ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതിക്കഥകളില്‍ ജനങ്ങള്‍ക്ക് അതൃപ്തി നിലനില്‍ക്കെ അവരുമായി ധാരണയിലെത്തുന്നതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ലീഗ് പഞ്ചായത്ത് നേതാക്കളുടെ അഭിപ്രായം.
അതേസമയം, ഭാവിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടായാല്‍ യു.ഡി.എഫ് സംവിധാനത്തിലേക്കു മാറുന്നതിനോട് എതിരല്ലെന്നും അവര്‍ അറിയിച്ചു.
2010ല്‍ ആറു സീറ്റുകള്‍ നേടിയ ലീഗും കോണ്‍ഗ്രസും തുല്യനിലയിലായപ്പോള്‍ ജില്ലാ യു.ഡി.എഫ് നേതൃത്വം ഇടപെടുകയും മുസ്‌ലിംലീഗിലെ സി. ബാബുവിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ ജോര്‍ജ് മാത്യൂ ബാബുവിനെതിരേ മത്സരിച്ചു നറുക്കെടുപ്പിലൂടെ പ്രസിഡന്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."