ഉയിര്‍പ്പ് തേടി ബ്ലാസ്റ്റേഴ്‌സ്
യു.എച്ച് സിദ്ദീഖ്
കൊച്ചി: ബ്ലാസ്റ്റേഴ്‌സിനു ഇനി തല കുനിയ്ക്കാനാവില്ല. മുംബൈ നല്‍കിയ അഞ്ചടിയുടെ പ്രഹരത്തില്‍ നിന്നു കരകയറാന്‍ മാത്രമല്ല മുന്നോട്ടു പോകാനും ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യം. ഇനിയുള്ളതു മൂന്ന് പോരാട്ടം മാത്രം. മൂന്നില്‍ രണ്ടു വിജയം പിടിച്ചാല്‍ പ്ലേ ഓഫില്‍ നിലയുറപ്പിക്കാം. 11 മത്സരങ്ങളില്‍ നിന്നു 15 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ഗോള്‍ ശരാശരി ഒന്നില്‍ നിന്നു മൈനസ് നാലിലേക്ക് വീണു. സൂപ്പര്‍ ഫുട്‌ബോളിന്റെ ഇതുവരെയുള്ള ചരിത്രം വാഴുന്നവര്‍ വീഴുകയും വീണവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിനു സെമിയിലെത്തുക എന്നത് അസാധ്യമല്ല.
ഇന്ന് ജയിക്കുന്ന ടീം 18 പോയിന്റ് നേടും. എന്നാല്‍ സെമി ഫൈനലില്‍ എത്തുന്നതിനു ഈ 18 പോയിന്റ് മതിയാവില്ല. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ 19 പോയിന്റിനു താഴെ നിന്നു ഒരു ടീമും സെമി ഫൈനലില്‍ എത്തിയട്ടില്ല. അതിനാല്‍ ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ് - പൂനെ എഫ്.സി പോരാട്ടം പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
അഞ്ചടിയുടെ കനത്ത തോല്‍വി മുംബൈ സിറ്റി എഫ്.സിയില്‍ നിന്നു ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും കോച്ച് സ്റ്റീവ് കോപ്പല്‍ പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ എത്തുമെന്ന് കോപ്പല്‍ ഉറപ്പു നല്‍കുന്നു. ഇന്നത്തെ വിജയിക്ക് 18 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്താം. സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലാക്കി ബ്ലാസ്റ്റേഴ്‌സ് വിലപിടിപ്പുള്ള മൂന്നു പോയിന്റു നേടുമെന്ന് കോപ്പല്‍ വിശ്വാസം പ്രകടിപ്പിക്കുന്നു. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ എതിരാളികള്‍ സമ്മാനിച്ചത് മൂന്നു ഗോളുകള്‍ മാത്രമാണ്. മൂന്നാം പതിപ്പില്‍ സ്വന്തം പുല്‍തകിടിയില്‍ മികവ് കാണിച്ച ടീമുകളില്‍ ഒന്നു ബ്ലാസ്റ്റേഴ്‌സാണ്. ആദ്യ സ്ഥാനം മുംബൈ സിറ്റിക്കും. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് 0-1 നു പരാജയം രുചിച്ചു. എന്നാല്‍, ഡല്‍ഹിയോട് ഗോള്‍രഹിത സമനിലയും മുംബൈക്കെതിരേ 1-0 നു ജയം. എഫ്.സി ഗോവയെ 2-1 നും ചെന്നൈയിന്‍ എഫ്.സിയെ 3-1 നും വീഴ്ത്തി. കൊച്ചിയിലെ കഴിഞ്ഞ നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. ഹോം- എവേ പോരാട്ടങ്ങളിലായി 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്കു യോഗ്യത നേടാന്‍ എല്ലാ സാധ്യതയുമുള്ള ടീം തന്നെ. ആ ലക്ഷ്യത്തിനായി പൊരുതാനാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ കോപ്പല്‍ ഒരുക്കിയിട്ടുള്ളത്. പ്രതിരോധക്കോട്ടയിലെ നെടുംതൂണ്‍ ആരോണ്‍ ഹ്യൂസ് ആദ്യ ഇലവനില്‍ ഉണ്ടാവുമെന്ന് കോപ്പല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഹ്യൂസിന്റെ മടങ്ങി വരവ് മുംബൈ ആക്രമണത്തില്‍ ചിന്നിച്ചിതറി പോയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനു കരുത്താകും.
വടക്കു കിഴക്കു നിന്നു പടിഞ്ഞാറുള്ള കൊച്ചിയിലേക്കുള്ള നീണ്ട യാത്രയുടെ ആലസ്യം പൂനെ എഫ്.സിയെ വിട്ടുമാറിയിട്ടില്ല. ചുമയും പനിയും പിടിപെട്ടതോടെ പരിശീലകന്‍ ആന്റോണിയോ ഹബാസ് വാര്‍ത്താ സമ്മേളനത്തിനു എത്തിയില്ല. പകരക്കാരായി വന്നത് സഹ പരിശീലകന്‍ ഡേവിഡ് മോളിനറും ടീമംഗം രാഹുല്‍ ബെക്കയും. നോര്‍ത്ത്ഈസ്റ്റിനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്‌സിനെതിരായ പോരാട്ടം പൂനെയ്ക്ക് നിര്‍ണായകമാണ്. നിലവില്‍ ബ്ലാസ്റ്റേഴ്‌സിനു മുകളില്‍ നാലാം സ്ഥാനത്ത് ആണെങ്കിലും ഇന്നു വിജയിച്ചാലേ സെമി സാധ്യത നിലനിര്‍ത്താനാകൂ. ഇന്നത്തേതുള്‍പ്പെടെ അവശേഷിക്കുന്നതു രണ്ടു മത്സരം മാത്രമാണ്. ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്‌സിനു മുന്നിലായി എന്നതു മാത്രമാണ് ആശ്വാസം. അതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും പൂനെ പ്രതീക്ഷിക്കുന്നില്ല. 12 മത്സരങ്ങളില്‍ നിന്നു 15 പോയിന്റാണ് പൂനെയുടെ സമ്പാദ്യം.
ടീമിനെ വിധിക്കേണ്ടത് 14 മത്സരം പൂര്‍ത്തിയായ ശേഷം : കോപ്പല്‍
ആദ്യ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആരും ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടുമെന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ ടീം തിരിച്ചുവരവു നടത്തി. ശരിക്കും കഠിന പ്രയത്‌നത്തിലൂടെയാണ് ഈ തിരിച്ചവരവെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും അമിതമായി പ്രതികരിക്കാന്‍ താനില്ല. 14 മത്സരങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ടീമിനെ വിധിക്കേണ്ടത്. മുംബൈ സിറ്റിയോട് 0-5 ന്റെ തോല്‍വി നേരിട്ട മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് പൂനെക്കെതിരായ പോരാട്ടത്തെ നോക്കി കാണുന്നത്. അടുത്ത ഗെയിം മറ്റൊരു മത്സരം ആയി കണക്കിലെടുക്കണമെന്നും കോപ്പല്‍ പറഞ്ഞു. മുംബൈയുമായുള്ള മത്സരത്തില്‍ നിന്നു ഏറെ പഠിക്കാന്‍ കഴിഞ്ഞതായും കോപ്പല്‍ വ്യക്തമാക്കി.
പ്രധാനപ്പെട്ട പോരാട്ടം: ഡേവിഡ് മോളിനര്‍
ഗോവ ഉള്‍പ്പെടെ ആറ് ഏഴ് ടീമുകള്‍ക്കു സെമി ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നു പൂനെ എഫ്.സി സഹ പരിശീലകന്‍ ഡേവിഡ് മോളിനര്‍. ഗോവയുടെ സാധ്യതയും ഇനിയും തള്ളിക്കളയാനാവില്ല. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായുള്ള അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ ഗോവയ്ക്കും സെമി സാധ്യത ഉണ്ടെന്നും മോളിനര്‍ ചൂണ്ടിക്കാട്ടി. ഗുവാഹത്തിയില്‍ നോര്‍ത്ത്ഈസ്റ്റിനോടു 0-1 നു തോറ്റതോടെ പൂനെ സിറ്റിക്ക് ഈ മത്സരം വളരെ പ്രധാനപ്പെട്ടതായി മാറി. ടീമിലെ 25 താരങ്ങളും പൂര്‍ണമായും കളിക്കാന്‍ സന്നദ്ധരാണ്. ഫിറ്റ്‌നസ് സംബന്ധമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും മോളിനര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."