ചൈനയിലെ പവര്‍പ്ലാന്റില്‍ അപകടം; 67 മരണം
ബെയ്ജിങ്: ചൈനയില്‍ നിര്‍മാണത്തിലിരുന്ന പവര്‍പ്ലാന്റിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് 67 തൊഴിലാളികള്‍ മരിച്ചു. രണ്ടുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെയും കണ്ടെത്താനായില്ല. ആകെ 70 തൊഴിലാളികളിലാണ് അപകടസമയം പ്ലാന്റിലുണ്ടായിരുന്നത്.
കിഴക്കന്‍ ചൈനയിലെ ജിയാങ്ഷി പ്രവിശ്യയില്‍ ഇന്നലെ രാവിലെ ഏഴിനാണ് അപകടം. പവര്‍പ്ലാന്റിലെ കൂളിങ് ടവറിന്റെ പ്ലാറ്റ്‌ഫോമാണ് തകര്‍ന്നത്. അപകടം നടന്ന പവര്‍പ്ലാന്റ് 2017ല്‍ പൂര്‍ത്തിയാക്കാനിരുന്നതാണ്. 10,000 മെഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായി 168 മീറ്റര്‍ ഉയരത്തിലുള്ള രണ്ട് കൂളിങ് ടവറുകളാണ് നിര്‍മിച്ചുകൊണ്ടിരുന്നത്. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചൈനയില്‍ ഇതേരീതിയിലുളള അപകടങ്ങള്‍ അടുത്തകാലത്തായി പതിവാണ്. ഈ മാസം ആദ്യം ചൈനയിലെ ഒരു കല്‍ക്കരി ഖനിയിലുണ്ടായ ഗ്യാസ് ദുരന്തത്തില്‍ 33 തൊഴിലാളികളും 2014ലുണ്ടായ മറ്റൊരു ദുരന്തത്തില്‍ 146 പേരും കൊല്ലപ്പെട്ടിരുന്നു. 2015 ലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ നിരവധിയാളുകളും കൊല്ലപ്പെടുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."