വലവിരിച്ച് പൊലിസ്; രക്ഷപ്പെടാനാകാതെ മാവോയിസ്റ്റുകള്‍
നിലമ്പൂര്‍: വടക്കന്‍ സംസ്ഥാനങ്ങളില്‍ പുതുമയല്ലെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട ഒരാള്‍ മാവോയിസ്റ്റുകളുടെ കേന്ദ്ര തലത്തില്‍ ഉള്‍പ്പെട്ട നേതാവാണെ് വിവരം. നിലമ്പൂര്‍ മേഖലയില്‍ മുന്‍പു മൂന്നിടങ്ങളില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
രഹസ്യമായ തിരച്ചിലിനിടെയാണ് ഇന്നലെ കരുളായി പടുക്ക വനത്തില്‍ മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ടിന്റെയും പൊലിസിന്റെയും മുന്നില്‍ കുടുങ്ങിയതെന്നു കരുതുന്നു. മാവോയിസ്റ്റുകള്‍ക്കുവേണ്ടി സംസ്ഥാന പൊലിസ് ആന്റി ടെററിസ്റ്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ കമാന്‍ഡോകള്‍ മൂന്നു ദിവസങ്ങളായി രഹസ്യമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. തിരച്ചിലിനിടെ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്തി. തണ്ടര്‍ബോള്‍ട്ടും പൊലിസും വളഞ്ഞെങ്കിലും വെടിവച്ചത് എസ്.പി എത്തിയശേഷം ഉത്തരവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലെന്നു സൂചനയുണ്ട്. എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉച്ചയോടെ സ്ഥലത്തെത്തിയിരുന്നു. മാവോയിസ്റ്റുകള്‍ അക്രമിക്കുമെന്നു കണ്ടാല്‍ വെടിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയത്. വെടിവയ്പിനു ശേഷമാണ് നിലമ്പൂരിലെ രണ്ട് ആംബുലന്‍സുകളും കാട്ടിലേക്കു പൊലിസ് വിളിച്ചുവരുത്തിയത്. പരുക്കേറ്റവരെ കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ആംബുലന്‍സ് വരുത്തിയത്. വൈകിട്ടോടെ മടക്കിയയക്കുകയും ചെയ്തു. വെടിവയ്പില്‍ പരുക്കേറ്റവര്‍ ആശുപത്രികളില്‍ എത്തുമെന്ന സംശയത്തെ തുടര്‍ന്നു മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രഹസ്യമായി പരിശോധനയും നടത്തി. പരുക്കേറ്റുവരുന്ന സംശയമായി ആരെയെങ്കിലും വിവരംനല്‍കാന്‍ കണ്ടാല്‍ ജീവനക്കാര്‍ക്കു നിര്‍ദേശവും നല്‍കി. കാടിനോട് ചേര്‍ന്നു മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചു.
കൂപ്പു ജോലികള്‍ക്കു വനത്തില്‍ പോയവര്‍ തിരിച്ചുവന്ന വാഹനങ്ങള്‍ മുഴുവന്‍ പരിശോധിച്ച ശേഷമാണ് വിട്ടത്. കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്നും വനത്തിനുള്ളില്‍ പൊലിസ്, തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ അരിച്ചുപൊറുക്കി പരിശോധന നടത്തും. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."