ഫാത്തിമത്ത് ഹസീന ഇത്തവണയും എറിഞ്ഞു നേടി
ഷോട്ട് പുട്ടില്‍ ഇത്തവണയും ഫാത്തിമത്ത് ഹസീന ബഷീര്‍ വിജയം എറിഞ്ഞെടുത്തു. ജൂനിയര്‍ പെണ്‍കുട്ടികളുടെ നാലുകിലോഗ്രാം മത്സരത്തില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം തരം വിദ്യാര്‍ഥിനിയാണ്. ഏഴാംതരത്തില്‍ പഠിക്കുമ്പോഴാണ് മത്സര രംഗത്ത് എത്തിയത്. കായിക അധ്യാപകന്‍ പ്രസീദിന്റെ പരിശീലനത്തിലാണു നാലാം തവണയും വിജയത്തിലെത്തിയത്.
നേരത്തെ മൂന്നുതവണ സംസ്ഥാനത്തു മത്സരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ബഷീര്‍-റുഷീദ ദമ്പതികളുടെ മകളാണ്.
സ്‌കൂളുകളില്‍ മൂന്നാം വര്‍ഷവും ചീമേനി
കായികമേളയില്‍ ചീമേനിയുടെ കുതിപ്പിനു തടയിടാന്‍ ഇത്തവണയും ആരുമുണ്ടായില്ല. കാര്യമായ വെല്ലുവിളികള്‍ ഇല്ലാതെയാണു ചീമേനി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടനേട്ടം സ്വന്തമാക്കിയത്. 11 സ്വര്‍ണവും 9 വെള്ളിയും 10 വെങ്കലവുമാണ് വിദ്യാലയത്തിന്റെ നേട്ടം. പി.വി പ്രഭാകരന്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ കായികമേളയില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.
ജൂനിയര്‍ വിഭാഗത്തില്‍ ഇവിടുത്തെ മൂര്‍ത്തി രാജ് വ്യക്തി ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത് ഇരട്ടിമധുരമായി. ആദ്യദിനത്തില്‍ 1500, 3000 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഒന്നാമതെത്തിയിരുന്ന മൂര്‍ത്തി സമാപനദിനത്തില്‍ 5 കിലോമീറ്റര്‍ നടത്തത്തിലും ഒന്നാമതെത്തി.
87 പോയന്റാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം. 67 പോയന്റുമായി മാലോത്തു കസബ രണ്ടാമതെത്തി. ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിലാണു ചിറ്റാരിക്കല്‍ ഉപജില്ല ഓവറോള്‍ വിഭാഗത്തില്‍ രണ്ടാമതെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."