ബഹ്‌റൈനിലെ ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിനായി കെ.എം.സിസിയുടെ ഇടപെടല്‍ ഫലം കാണുന്നു
മനാമ: കഴിഞ്ഞ മാസം ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരു ബഹ്‌റൈന്‍ സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ ബഹ്‌റൈനിലെ ജയിലില്‍ കഴിയുന്ന മലയാളി ഡ്രൈവറുടെ മോചനത്തിനു വേണ്ടി ബഹ്‌റൈന്‍ കെ.എം.സി.സി അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നു.
പ്രസ്തുത സംഭവത്തില്‍ ജയിലില്‍ കഴിയുന്ന റഹീമിനെ പുറത്തിറക്കാനായി ബഹ്‌റൈന്‍ റോയല്‍ കോര്‍ട്ടിന് ദയാഹരജി നല്‍കുമെന്നു ഇന്ത്യന്‍ എംബസി അധികൃതര്‍ കെ.എം.സിസി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഓപ്പന്‍ ഹൗസിലെത്തി ഇതുസംബന്ധിച്ച വിഷയം ശ്രദ്ധയില്‍ പെടുത്തിയ കെ.എം.സി.സി സംഘത്തോടാണ് എംബസി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കായംകുളം പത്തിയൂര്‍ വില്ലേജ് എരുവമുറിയില്‍ മരങ്ങാട്ട് തെക്കെ തറയില്‍ അബ്ദുല്‍ റഹീമാണ് ഒരു മാസത്തോളമായി ഇവിടെ ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞ മാസം 26നു രാത്രിയാണ് റഹീം ഓടിച്ച വാഹനമിടിച്ച് ബഹ്‌റൈന്‍ സ്വദേശി മരിച്ചത്. ഇതേ തുടര്‍ന്ന് നവംബര്‍ 16നാണ് ഇദ്ദേഹത്തെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. സംഭവം നാട്ടിലറിഞ്ഞതോടെ ബന്ധുക്കള്‍ എംബസ്സിക്കു നേരിട്ട് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിരുന്നില്ല.
ഇതേ തുടര്‍ന്നാണ് നാട്ടിലുള്ള ഭാര്യ ബഹ്‌റൈനിലെ കെ.എം.സി.സി ഭാരവാഹികളുമായി ബന്ധപ്പെട്ടത്. നാട്ടില്‍ വാടക വീട്ടില്‍ കഴിയുന്ന തങ്ങളുടെ അവസ്ഥ വിവരിച്ച് ഒരു കത്തും അയച്ചിരുന്നു. ഇത് ലഭിച്ചതോടെയാണ് കെ.എം.സിസി അധികൃതര്‍ സംഭവത്തില്‍ ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചത്. വൈകാതെ എംബസിയുടെ ദയാ ഹരജി ഉടനെ റോയല്‍ കോര്‍ട്ടിന് അയക്കും. കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ സന്ദര്‍ശിക്കാന്‍ കെ.എം.സി.സി സംഘം അനുമതി ചോദിച്ചിട്ടുണ്ട്. റഹീമിന്റെ സ്‌പോണ്‍സറുമായി സംഘം ബന്ധപ്പെട്ടിരുന്നു. 40,000 ദിനാറോളം നഷ്ടപരിഹാരമായി നല്‍കിയാല്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാമെന്നാണു സ്‌പോണ്‍സര്‍ പറയുന്നത്. താന്‍ വലിയ പണക്കാരനല്ലെന്നും തനിക്ക് ഇത്രയും തുക നല്‍കി റഹീമിനെ സഹായിക്കാന്‍ കഴിയില്ലെന്നുമാണ് സ്‌പോണ്‍സര്‍ പറയുന്നത്. റഹീമിന്റെ സൂഹൃത്തുക്കളെല്ലാം പണം സമാഹരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ കൊണ്ടു കഴിയുന്ന സഹായം നല്‍കാന്‍ തയ്യാറാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കില്ലെന്നാണു പ്രാഥമിക വിവരം. സിഗ്‌നലില്‍ ചുവന്ന ലൈറ്റ് ലംഘിച്ച് അതിവേഗത്തില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നാണ് എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവായ ബഹ്‌റൈനി മരിച്ചതെന്നും സ്‌പോണ്‍സര്‍ ചൂണ്ടിക്കാട്ടുന്നു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി കെ.എം സൈഫുദ്ദീന്‍, സൗത്ത് സോണ്‍ ജന. സെക്രട്ടറി തേവലക്കര ബാദുഷ എന്നിവരാണ് ഈ വിഷയത്തില്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.
നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്ന റഹീം പത്തുവര്‍ഷമായി ബഹ്‌റൈനില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്നു കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്കയച്ച കത്തില്‍ ഭാര്യ ചൂണ്ടിക്കാട്ടി. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം നാട്ടില്‍ ഒറ്റമുറിയുള്ള വാടക വീട്ടിലാണു കഴിയുന്നത്. കുടുംബനാഥനെ മാത്രംആശ്രയിച്ചു കഴിഞ്ഞിരുന്ന ഇവരുടെ കുട്ടികളുടെ വിദ്യഭ്യാസം, ഭക്ഷണം, വീട്ടു വാടക ചെലവുകള്‍ എന്നിവയെല്ലാം താളം തെറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
അതിനിടെ റഹീമിന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് അവരെ സഹായിക്കാനായി ചില സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. റഹീം ജയില്‍ മോചിതനാവുന്നതു വരെ, കുടുംബത്തിന്‍രെ മാസാന്ത ചിലവുകള്‍ ഏറ്റെടുക്കാമെന്നും മറ്റു സഹായങ്ങള്‍ ചെയ്തു കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് ചില സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."