നാളികേര കര്‍ഷകര്‍ക്ക് കേരഫെഡ് കുടിശ്ശിക നല്‍കണം: ജില്ലാ വികസന സമിതി
കോഴിക്കോട്: കൃഷിഭവനുകള്‍ വഴി നാളികേര കര്‍ഷകരില്‍നിന്ന് കൊപ്ര സംഭരിച്ച കേരഫെഡ് കുടിശ്ശിക നല്‍കി തീര്‍ക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ നിരവധി കേരകര്‍ഷകര്‍ക്ക് കേരഫെഡ് കുടിശ്ശിക കൊടുത്തുതീര്‍ക്കാനുണ്ടെന്ന് വിഷയം ഉന്നയിച്ച കെ. ദാസന്‍ എം.എല്‍.എ പറഞ്ഞു.
കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ഡിസംബര്‍ 26നു തുറക്കാന്‍ തീരുമാനിച്ചെങ്കിലും കനാലില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാന്‍ നടപടി ഇനിയും തുടങ്ങിയിട്ടില്ലെന്ന് ഇ.കെ വിജയന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.
തിരുവമ്പാടി പഞ്ചായത്തിലെ ജലനിധി പദ്ധതി പ്രകാരം നടപ്പിലാക്കിയ അമൃതം കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണം ഗുണഭോക്തൃ സമിതികളെക്കൊണ്ട് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് എ.ഡി.എം അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് പുനരുദ്ധാരണ പ്രവൃത്തി നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.
കാവിലുംപാറ, ചെക്യാട്, വളയം, നരിപ്പറ്റ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ആനയിറങ്ങുന്നതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. മലയോര പ്രദേശങ്ങളിലെ കര്‍ഷകര്‍ തോക്ക് ലൈസന്‍സിനായി നല്‍കിയ അപേക്ഷകളില്‍ 25 എണ്ണം പരിശോധനയ്ക്കായി റേഞ്ച് ഓഫിസുകളിലേക്ക് അയച്ചതായി ജോര്‍ജ് എം. തോമസ് എം.എല്‍.എയെ ഡി.എഫ്.ഒ അറിയിച്ചു. തരിശുനിലങ്ങളില്‍ കൃഷിയൊരുക്കുന്നതിന് കൃഷിവകുപ്പ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കെ. ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ദേശീയപാതകളിലെ കുഴികള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.കെ നാണു എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സാങ്കേതികത്വം തടസമാവരുത്. കുഴികളില്‍ ബൈക്ക് യാത്രക്കാര്‍ വീണ് മരണം വരെ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടകര താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ബഹുനില കെട്ടിട നിര്‍മാണം ഏറ്റെടുത്ത കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ റീടെന്‍ഡര്‍ ചെയ്യുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അറിയിച്ചു.
കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ച പട്ടിക വിദ്യാര്‍ഥികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള തുക ലഭ്യമാക്കാന്‍ വകുപ്പ് ഡയറക്ടറോട് അഭ്യര്‍ഥിച്ചതായും ജനുവരിയില്‍ ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു.
കണ്‍സ്യൂമര്‍ കോടതി കാരന്തൂരില്‍ നിര്‍മിച്ച കെട്ടിടത്തിലേക്കു മാറ്റുന്നതിനു വേണ്ട ചെലവ് സംബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും തുക ലഭ്യമായാല്‍ പുതിയ കെട്ടിടത്തിലേക്കു മാറുമെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ചെറുവണ്ണൂര്‍ റഹ്മാന്‍ ബസാറിനെയും ഒളവണ്ണ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലം പ്രവൃത്തിയുടെ പുതുക്കിയ അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒ.എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. എം.എല്‍.എമാരായ സി.കെ നാണു, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, എം.കെ മുനീര്‍, ഇ.കെ വിജയന്‍, ജോര്‍ജ് എം. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."