ചവറയില്‍ പരക്കെ അക്രമം; പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു
ചവറ: തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിനെ തുടര്‍ന്ന് ചവറയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം. പന്‍മന പഞ്ചായത്ത് പ്രസിഡന്റ്, ആര്‍.എസ്.പി ലോക്കല്‍ കമ്മിറ്റി അംഗം, എല്‍.ഡി.എഫ് ബൂത്ത് സെക്രട്ടറി എന്നിവരുടെ വീടുകളാണ് അക്രമിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം ചവറ ഏരിയാ കമ്മിറ്റി അംഗവുമായ മുല്ലക്കേരി മണ്ണൂര്‍ തെക്കതില്‍ ജെ.അനിലിന്റെ വീട്ടില്‍ അക്രമം നടന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ജനല്‍ചില്ലുകളും സിറ്റൗട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, ഫാന്‍, ലൈറ്റുകള്‍, അനിലിന്റെ ഭാര്യയും മുന്‍ പഞ്ചായത്തംഗവുമായിരുന്ന രാജിയുടെ സ്‌കൂട്ടര്‍ എന്നിവയും തകര്‍ത്തു. മകനായ അഭിഷേകിനൊപ്പം ഉറങ്ങുകയായിരുന്ന അനിലിന്റെ കൈയില്‍ ജനല്‍ചില്ലുകള്‍ തെറിച്ചു കയറി പരുക്കേറ്റു. വീടിന്റെ നാലുഭാഗത്തെ ജനല്‍ചില്ലുകളും പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോളേക്കും അക്രമികള്‍ രക്ഷപെട്ടു. ആര്‍.എസ്.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് അനില്‍ പറഞ്ഞു. അനിലിന്റെ പരാതിയില്‍ ചവറ സി.ഐ, എസ്.ഐ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയിലും അനിലിന്റെ വീട് അക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ നടന്ന അക്രമത്തില്‍ സി.പി.എം വടക്കുംതല ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. തേവലക്കരയിലും പാലയ്ക്കല്‍, മൊട്ടയ്ക്കല്‍ ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. കരുവാഴത്ത് പടിഞ്ഞാറ്റതില്‍ ശിവദാസന്‍ പിള്ളയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വ്യാഴാഴ്ച രാത്രി 12.50നാണ് സംഭവം. ഗേറ്റ് തുറന്നെത്തിയ സംഘം മുന്‍ഭാഗത്തെ ഗ്ലാസുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. വീട്ടുകാര്‍ എഴുന്നേറ്റെങ്കിലും അക്രമികള്‍ രക്ഷപെട്ടു. യു.ഡി.എഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. മൊട്ടയ്ക്കല്‍ 74 ാം നമ്പര്‍ എല്‍.ഡി.എഫ് ബൂത്തിന്റെ സെക്രട്ടറിയാണ് ശിവദാസന്‍ പിള്ള. തേവലക്കര പാലയ്ക്കല്‍ ചന്ദ്രവിലാസത്തില്‍ ബിനുവിന്റെ വീടും രാത്രി 11.30 ന് അക്രമിച്ചു. വീടിന്റെ ജനല്‍ ഗ്ലാസുകളാണ് തകര്‍ന്നത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബിനു പറഞ്ഞു. ആര്‍.എസ്.പി തേവലക്കര ലോക്കല്‍ കമ്മിറ്റി അംഗവും മന്ത്രിയായിരുന്ന ഷിബു ബേബി ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമാണ് ബിനു. രണ്ട് വീട്ടുകാരുടെ പരാതിയില്‍ തെക്കുംഭാഗം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."