കഷായപുരയില്‍ ഒരു പൊലിസ് സ്റ്റേഷന്‍
മലയിന്‍കീഴ്: സംസ്ഥാനത്ത് കഷായ പുരയില്‍ ഒരു പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് കാട്ടാക്കടയിലെ മാറനല്ലൂരിലായിരിക്കും. പരാധീനതകള്‍ കാരണം കേസ് കൊടുത്താല്‍ പോലും ഒരു അന്വേഷണം നടക്കാത്ത അവസ്ഥയാണിവിടെയുള്ളത്. മാറനല്ലൂര്‍ കേന്ദ്രീകരിച്ച് ഒരു പൊലിസ് സ്റ്റേഷന്‍ വേണമെന്ന ദീര്‍ഘകാല ആവശ്യമാണ് അടുത്തിടെ പരിഹരിക്കപ്പെട്ടത്. ഈ ആവശ്യം ഉയര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 2006 ല്‍ പൊലിസ് സ്റ്റേഷന്‍ അനുവദിച്ചു. കെട്ടിടം തിരക്കി ഓടിയപ്പോള്‍ കിട്ടിയത് സര്‍ക്കാര്‍ ആയര്‍വേദ ആശുപത്രിയുടെ ഭാഗം. പൊലിസ് സ്റ്റേഷന്‍ നഷ്ടപ്പെടുത്തരുതല്ലോ എന്നുകരുതി ആശുപത്രിയില്‍ മര്‍മ്മ ചികില്‍സ നടത്തിയിിരുന്ന കഷായ പുരയാണ് കെട്ടിടമായി കണ്ടെത്തി വന്‍ ആഘോഷത്തോടെ ഉദ്ഘാടനവും ചെയ്തു. തുടങ്ങിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. ആവശ്യത്തിന് സ്ഥലം ഇല്ലാത്തതാണ് ജീവനക്കാരെ കുഴയ്ക്കുന്നത്. നിന്നു തിരിയാന്‍ ഇടമില്ല. പൊലിസുകാരും വനിതാപൊലിസുകാരും ഒത്തു ചേര്‍ന്നാല്‍ പൂഴി മണല്‍ പോലും വിഴാത്ത നില. തോക്കുകള്‍ സൂക്ഷിക്കുന്നത് പഴയ കക്കൂസിനു സമീപവും റിക്കാര്‍ഡുകള്‍ കാണുന്നിടത്തിടും. ലോക്കപ്പ് മുറി ഇല്ല. കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അടുത്ത സ്റ്റേഷനിലേയ്ക്ക് മാറ്റും. എന്നാല്‍ പിടിക്കുന്നവരെ മര്‍മ്മ പ്രയോഗം നടത്തുന്നത് ഇവിടെ വച്ചുതന്നെ. സ്റ്റേഷന്‍ കെട്ടിടത്തില്‍ ചോര്‍ച്ചയുമുണ്ട്. പരാതി നല്‍കാന്‍ വരുന്നവര്‍ അടുത്തുള്ള ആശുപ്രതിയുടെ വരാന്തയില്‍ കാത്തുനില്‍ക്കണം. ചോദ്യം ചെയ്യുന്നത് പോലും സ്റ്റേഷനു പിറകില്‍. ജീവനക്കാര്‍ക്ക് പ്രഥാമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. തുടര്‍ച്ചായി മുറവിളി ഉയര്‍ന്നപ്പോള്‍ മന്ദിരത്തിന് അനുമതിയായി. പൊലിസ് സ്റ്റേഷനു സമീപം സ്ഥലം കണ്ടെത്തി ആഭ്യന്തര മന്ത്രി തന്നെ തറക്കല്ലുമിട്ടു. ഉടന്‍പണി ആരംഭിച്ച് തുറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ മന്ദിരം തറക്കല്ലില്‍ ഒതുങ്ങി. കെട്ടിടം ഇനി എന്ന് പൂര്‍ത്തിയാകുമെന്ന് ആര്‍ക്കും അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."