ട്രെയിനര്‍മാര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
കൊണ്ടോട്ടി: ഹജ്ജ്-2017 ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കംപ്യൂട്ടര്‍, ഇന്റര്‍ നെറ്റ്, ഇ-മെയില്‍ പരിജ്ഞാനമുണ്ടായിരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. പ്രതിഫലം ആഗ്രഹിക്കാതെ അപേക്ഷകരെ സഹായിക്കാന്‍ തയാറുളളവര്‍ ഡിസംബര്‍ 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട്, പി.ഒ. മലപ്പുറം, 673647 എന്ന വിലാസത്തില്‍ നിശ്ചിത ഫോറത്തില്‍,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കണം.
അപേക്ഷാ ഫോറത്തിന്റെ മാതൃക സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. നിശ്ചിത ഫോറത്തിലല്ലാത്തതും അവ്യക്തവും അപൂര്‍ണവുമായ അപേക്ഷകള്‍ നിരസിക്കും. നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതല്ല.
ട്രെയിനേഴ്‌സിനുളള ചുമതലകളും, നിബന്ധനകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷകര്‍ക്ക് വേണ്ടുന്ന മുഴുവന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും,അപേക്ഷയും, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും കൃത്യമായും സമയബന്ധിതമായും ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കാന്‍ സഹായിക്കുകയും വേണം. ഹജ്ജിന് അപേക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ക്ലാസ് അനുയോജ്യമായ സ്ഥലത്ത് സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെ സംഘടിപ്പിക്കേണ്ടതും ട്രെയിനര്‍മാരാണ്.
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഹജ്ജ് യാത്രക്ക് വേണ്ടുന്ന തയാറെടുപ്പ് നടത്താന്‍ സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സമയത്തിന് തന്നെ തീര്‍ഥാടകരെ അറിയിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."