തടയണ നിര്‍മാണത്തിനായി നാടൊരുമിക്കുന്നു 'പിടിച്ചു കെട്ടാം' ജലത്തിനെ
ചെറുപുഴ: ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. നീരൊഴുക്കു കുറഞ്ഞു വരുന്ന പുഴകളിലും തോടുകളിലും തടയണകള്‍ നിര്‍മിച്ചാണ് ഒന്നാം ഘട്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെറുപുഴ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ആരംഭിച്ചിരിക്കുന്നത്. തിരുമേനി തോടിന്റെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് അംഗം കെ.കെ ജോയിയുടെ നേതൃത്വത്തിലാണു തടയണകള്‍ നിര്‍മിച്ചത്.
സമീപവാസികളും നാട്ടുകാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. തോട്ടിലെ തന്നെ കല്ലുകളും മണലും ഉപയോഗിച്ചാണു ചിറകള്‍ കെട്ടുന്നത്. ചിറകള്‍ നിറഞ്ഞു വെള്ളം ഒഴുകുന്നതിനാല്‍ താഴെയുള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഇല്ല.
തടയണകള്‍ നിര്‍മിക്കുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരും. വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ. പല സംഘങ്ങളായി തിരിഞ്ഞാണു തടയണകള്‍ നിര്‍മിച്ചത്. വരും ദിവസങ്ങളില്‍ തോടു ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
തോട്ടിലേയ്ക്കു മാലിന്യമിടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."