കുടകില്‍ വാഹനം തടഞ്ഞ് മലയാളികളെ കൊള്ളയടിച്ചു
ഗോണിക്കൊപ്പ: കുടകില്‍ മലയാളികളെ വീണ്ടും വാഹനം തടഞ്ഞ് കൊള്ളയടിച്ചു. മൈസൂരുവില്‍ നിന്നു കോഴിക്കോട്ടേക്കു കാറില്‍ പോവുകയായിരുന്ന കോഴിക്കോട് സ്വദേശി നൗഷാദിനെയും കാര്‍ ഡ്രൈവര്‍ മുഹമ്മദലിയെയുമാണ് ഇന്നോവ കാറില്‍ വന്ന സംഘം തടഞ്ഞ് കവര്‍ച്ച നടത്തിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെ ഗോണിക്കൊപ്പയ്ക്കടുത്ത് പൊന്നംപേട്ട ബേഗൂരില്‍ വച്ചായിരുന്നു സംഭവം.
ഇന്നോവ കാറില്‍ വന്ന സംഘം ഭീഷണിപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന എട്ടായിരം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം നൗഷാദിനെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. നൗഷാദ് സഞ്ചരിച്ച കാറുമായി മൂന്നു കിലോമീറ്റര്‍ മുന്നോട്ടുപോയി ഹുദിക്കേരിയില് വച്ച് കാര്‍ ഡ്രൈവര്‍ മുഹമ്മദലിയോടും പണം ആവശ്യപ്പെട്ടു.
സംഘം മുഹമ്മദലിയെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന 15,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്ന് വാഹനവുമായി കടന്നുകളയുകയുമായിരുന്നു.
കാലിനു മുറിവേറ്റ മുഹമ്മദലിയെ അതുവഴി വന്ന യാത്രക്കാരാണു ഗോണിക്കൊപ്പയിലെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രാഥമിക ചികിത്സയ്ക്കു ശേഷം മുഹമ്മദലിയെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നൗഷാദ് നല്കിയ പരാതിയെ തുടര്‍ന്നു ശ്രീമംഗല പൊലിസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നുമാസം മുന്‍പ് കാര്‍ തടഞ്ഞ് താമരശ്ശേരി സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ കണ്ണൂര്‍, ഇരിട്ടി ഭാഗങ്ങളിലെ ഏഴുപേരെ അറസ്റ്റുചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."