തുടര്‍ച്ചയായി ഒന്‍പതാം തവണയും ഐഡിയല്‍ കടകശ്ശേരി
തേഞ്ഞിപ്പലം: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഐഡിയല്‍ സ്‌കൂള്‍ പതിവു തെറ്റിച്ചില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഇത്തവണയും കായികരംഗത്തെ മികവുകാക്കാന്‍ സ്‌കൂളിലെ താരങ്ങള്‍ക്കായി. എടപ്പാളിനു ലഭിച്ച പോയിന്റുകളില്‍ 39 സ്വര്‍ണവും 20 വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 261 പോയിന്റുകള്‍ കടകശ്ശേരി ഐഡിയലിന്റെ താരങ്ങള്‍ നേടിയതാണ്.
രണ്ടാംസ്ഥാനക്കാരായ പെരിയാപുരം സെന്റ്‌മേരീസിന് ആറു സ്വര്‍ണവും എട്ടു വെള്ളിയും ഒന്‍പതു വെങ്കലവുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനംനേടിയ താനൂര്‍ രായിരിമംഗലം എസ്.എം.എം.എച്ച്.എസ്.എസിനു നാലു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവുമാണുള്ളത്.
തീവ്രമായ പരിശീലനമാണ് ഐഡിയല്‍ കടകശ്ശേരിയുടെ സ്‌പോര്‍ട്‌സ് രംഗത്തെ കുതിപ്പിനാധാരം. എല്ലാ മത്സരങ്ങളിലും വ്യക്തമായ മുന്‍തൂക്കം ഐഡിയലിലെ താരങ്ങള്‍ക്കുണ്ട്. കഠിനമായ പരിശീലനത്തോടൊപ്പം ആത്മാര്‍ഥതയുള്ള പരിശീലകരും മാനേജ്‌മെന്റിന്റെ പരിപൂര്‍ണ സഹകരണവുമാണ് ഈ വിജയഗാഥയ്ക്കു പിന്നിലെ പ്രേരകശക്തി. ഏറ്റവും മികച്ച സ്‌കൂള്‍ പ്ലേ ഗ്രൗണ്ട്, അന്താരാഷ്ട്ര നിലവാരമുള്ള കായിക ഉപകരണങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വിജയിച്ചു.
2007ല്‍ ഫുട്‌ബോള്‍ താരം ആസിഫ് സഹീറാണ് ഐഡിയല്‍ കടകശ്ശേരിയുടെ കായിക മോഹങ്ങള്‍ക്ക് അടിത്തറ പാകിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജില്ലാ, സംസ്ഥാന, ദേശീയ കായിക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. കായിക മികവിനുള്ള 12 താരങ്ങളെ ഉള്‍പ്പെടുത്തി തുടക്കംകുറിച്ച ഈ മുന്നേറ്റം ഇന്നും തുടരുകയാണ്. മൂന്നിനു തുടങ്ങുന്ന സംസ്ഥാന കായികമേളയില്‍ മികച്ച നേട്ടത്തോടെ കൂടുതല്‍ മെഡലുകള്‍ നേടി ജില്ലയുടെ വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഐഡിയലിന്റെ താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."