കോട്ടയം മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ പണിമുടക്കി
കോട്ടയം: കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍മാര്‍ നടത്തിയ സൂചന പണിമുടക്ക് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചു.24 മണിക്കൂറായിരുന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്. കഴിഞ്ഞ ജൂണില്‍ നടത്തിയ പരീക്ഷയില്‍ ചില വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ പോകുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.
കോടതി വിധിയുണ്ടായിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ അനുകൂലമായ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.രാവിലെ എട്ടിനു ആരംഭിച്ച സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒ.പി വിഭാഗത്തെയും വാര്‍ഡിന്റെ പ്രവര്‍ത്തനത്തെയും ഡോക്ടര്‍മാരുടെ പണിമുടക്ക് ബാധിച്ചു.അതേ സമയം, ലേബര്‍ റൂം അത്യാഹിത വിഭാഗം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് പി.ജി ഡോക്ടര്മാരാണെന്നിരിക്കെ ഇവരുടെ പണിമുടക്ക് ആശുപത്രിയെ കാര്യമായി തന്നെ ബാധിക്കും.ആരോഗ്യ സര്‍വകലാശാല കോട്ടയം മെഡിക്കല്‍ കോളജിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷന് ഭാരവാഹികളായ ഡോ. ക്രിസ്റ്റഫര്‍, ഡോ.ബിനു, ഡോ. ജിതിന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."