മലയോര പാര്‍ട്ടിയായി ചുരുങ്ങാന്‍ കേരളാ കോണ്‍ഗ്രസ് (എം)
കോട്ടയം: രണ്ടു ജില്ലകളിലേക്ക് ഒതുങ്ങി കേരളാ കോണ്‍ഗ്രസ് (എം). ആറു ജില്ലകളിലായി 15 സീറ്റ് ചോദിച്ച് വാങ്ങി മത്സരിച്ച കേരളാ കോണ്‍ഗ്രസിന് വിജയം കോട്ടയം , ഇടുക്കി ജില്ലകളിലെ ആറു സീറ്റുകളില്‍ മാത്രമായി ഒതുങ്ങേണ്ടി വന്നു. ഇവയില്‍ നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരുടെ വിജയം പാര്‍ട്ടിയിലെ പഴയ ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണ്.
കെ.എം മാണിയടക്കമുള്ള പരമ്പരാഗത മാണി വിഭാഗത്തിലെ നേതാക്കളെല്ലാവരും കഷ്ടിച്ച് വിജയം നേടുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എന്നിവരുടെ ജയങ്ങള്‍ പാര്‍ട്ടിക്ക് ആശ്വാസമേകുമ്പോഴും ചീഫ് വിപ്പ് തോമസ് ഉണ്ണ്യാടന്‍ ഉള്‍പ്പെടെയുളള പ്രമുഖരുടെ തോല്‍വി കനത്ത തിരിച്ചടിയായി.
പ്രചാരണത്തിന്റെ തുടക്കം മുതല്‍ തോല്‍വി മണത്ത കെ.എം മാണിയുടെ ജയത്തെ സംബന്ധിച്ച് പാര്‍ട്ടിക്ക് വലിയ അവകാശവാദങ്ങള്‍ പറയാനില്ല. സഭയുടെ പിന്തുണയും ജാതി-മത ഘടകങ്ങളും എക്കാലവും തെരഞ്ഞെടുപ്പ് വിജയത്തിന് സഹായത്തിനെത്തില്ലെന്ന സൂചനയും ഈ തെരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്.
ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സഭയുടെ പിന്തുണ ആവോളമുണ്ടായിട്ടും ഒരു സീറ്റു പോലും കിട്ടാതിരുന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."