ഉത്തരവുകള്‍ നടപ്പാക്കുന്നില്ല നഗരസഭാ സെക്രട്ടറിക്കു മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കമ്മിഷന്റെ വിമര്‍ശനം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടറിയുടെ പ്രവര്‍ത്തനം നിരുത്തരവാദപരവും അസംതൃപ്തികരവുമാണെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നടപടിക്രമത്തില്‍ ചൂണ്ടികാണിച്ചു.
പൂജപ്പുര സ്വദേശി അനില്‍കുമാര്‍ ഒരു ദിനപത്രത്തില്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിച്ചപ്പോഴാണ് നിരീക്ഷണം. പൊതുനിരത്തിലെ ഓടയില്‍ നിന്നുള്ള മലിനജലം വീട്ടുമുറ്റത്ത് നിറയുന്നത് പതിവായതിനെ തുടര്‍ന്ന് അനില്‍കുമാര്‍ നഗരസഭയില്‍ പരാതി നല്‍കിയിരുന്നു. നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പത്രത്തില്‍ കത്തെഴുതിയത്. പൂജപ്പുര കേശവന്‍നായര്‍ റോഡില്‍ നിന്നും മേലാങ്കോട് ക്ഷേത്രത്തിലേക്ക് ഇറക്കമിറങ്ങുമ്പോള്‍ റോഡിനോട് ചേര്‍ന്നുള്ള ഓട പൊളിച്ച് പുനര്‍നിര്‍മ്മിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. 2014 മേയ് രണ്ടിനാണ് കമ്മിഷന്‍ നഗരസഭാസെക്രട്ടറിക്ക് ആദ്യം നിര്‍ദേശം നല്‍കിയത്. ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് അനില്‍കുമാര്‍ വീണ്ടും പരാതി നല്‍കി. 2015 സെപ്റ്റംബര്‍ 15 ന് ഓട നവീകരിക്കണമെന്ന് കമ്മിഷന്‍ വീണ്ടും നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആദ്യ ഉത്തരവ് നല്‍കി രണ്ടുവര്‍ഷവും രണ്ടാം ഉത്തരവ് നല്‍കി പത്തുമാസവും കഴിഞ്ഞിട്ടും നഗരസഭാ സെക്രട്ടറി നടപടിയെടുത്തില്ലെന്നാണ് പുതിയ പരാതി.
നേരത്തെ പാസാക്കിയ ഉത്തരവുകള്‍ക്ക് മേല്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കകം രേഖാമൂലം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കേസ് ഡിസംബറില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."