ബറാഅത്ത്: കാരുണ്യത്തിന്റെ രാവ്
എല്ലാ സമയങ്ങളും ദിവസങ്ങളും ഒരു പോലെയല്ല. ചിലതിന് മറ്റ് ചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. അത്തരത്തില്‍ ശ്രേഷ്ഠത കല്‍പിക്കപ്പെട്ട ഒരു രാവാണ് ശഅ്ബാന്‍ 15ന്റെ രാവ്. ഈ രാവിനാണ് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ബറാഅത്ത് എന്ന പദത്തിനര്‍ഥം 'മോചനം' എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആ രാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക(അനുഗൃഹീത രാവ്) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു. അലി(റ) വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ശഅ്ബാന് 15 ആഗതമായാല്‍ അതിന്റെ രാവിനെ നിങ്ങള്‍ നിസ്‌കാരം കൊണ്ട് സജീവമാക്കുകയും പകലില്‍ നോമ്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അല്ലാഹു പ്രത്യേകം ചോദിക്കുന്നു; പാപമോചനം നടത്തുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വിഷമങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന്‍ അവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അല്ലാഹു വിളിച്ച് അവന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നു.) ഇത് പ്രഭാതം വരെ തുടരുകയും ചെയ്യും.( ഇബ്‌നു മാജ)
ആഇശ (റ) പറയുന്നു: ഒരു രാത്രിയില്‍ തിരുനബി(സ)യെ കാണാതായപ്പോള്‍ ഞാന്‍ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്‍ത്തി പ്രാര്‍ഥിച്ച് നില്‍ക്കുകയായായിരുന്നു. എന്നോട് അവിടുന്ന് ചോദിച്ചു. അല്ലാഹു നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ? ഞാന്‍ പറഞ്ഞു. താങ്കള്‍ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന്‍ ഊഹിച്ചത്. അപ്പോള്‍ തിരുനബി(സ) പറഞ്ഞു. ശഅ്ബാന് 15ന് അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.(അഹ്മദ് (റ), തുര്‍മുദി (റ), ഇബ്‌നു മാജ )
ശഅ്ബാന് 15ന് സത്യനിഷേധിയും മനസ്സില് വിദ്വേഷം വച്ചു നടക്കുന്നവനുമല്ലാത്ത മുഴുവന്‍ വിശ്വാസികള്‍ക്കും അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറിനില്‍ ഹൈതമി (റ)തന്റെ 'ഫതാവല്‍ കുബ്‌റ'യില്‍ പറയുന്നു:' ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുക്കപ്പെടും. അതു കൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനയ്ക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്.'
ഇമാം ശാഫിഈയുടെ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ കാണാം: 'വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍, റജബിലെ ആദ്യത്തെ രാവ്, ശഅ്ബാന്‍ നടുവിലെ രാവ് എന്നീ അഞ്ചു രാത്രികളില്‍ ദുആക്ക് ഉത്തരം ലഭിക്കുമെന്ന് പറയപ്പെട്ടിരുന്നതായി നമുക്കെത്തിയിരിക്കുന്നു.(1: 204)
മൂന്ന് യാസീനും ദുആയും
ബറാഅത്ത് രാവില്‍ മഗ്‌രിബിന് ശേഷം മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്ന പതിവ് നമ്മുടെ നാടുകളിലുണ്ട്. ഇത് സജ്ജനങ്ങളായ മുന്‍ഗാമികള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതും അവരുടെ നടപടിക്രമത്തില്‍ പെട്ടതുമാണ്.''ഒന്നാമത്തെ യാസീന്‍ ആയുസില്‍ ബറക്കത്ത് ലഭിക്കാനും രണ്ടാമത്തേത് റിസ്ഖില്‍ ബറക്കത്ത് കിട്ടുവാനും മൂന്നാമത്തേത് അന്ത്യം നന്നാകാന്‍ വേണ്ടിയുമാണ്.'' (ഇത്ഹാഫ് 3/427) .
നോമ്പ് സുന്നത്തുണ്ടോ?
എല്ലാ മാസവും 13,14,15 തീയതികളില്‍ നോമ്പ് നോല്‍ക്കല്‍ സുന്നത്തുണ്ട്. ഇമാം റംലി(റ) ഫതാവയില്‍ ശഅ്ബാന്‍ 15ന് നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേ ശഅ്ബാന്‍ 15നെ പ്രോത്സാഹിപ്പിക്കുന്നതായി ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി(സ) പറഞ്ഞു: ''ശഅ്ബാന്‍ നടുവിലെ രാത്രിയായാല്‍ ആ രാത്രി നിങ്ങള്‍ നിസ്‌കരിക്കുകയും പകല്‍ വ്രതമനുഷ്ഠിക്കുകയും ചെയ്യുവീന്‍.''
ഖളാആയ നോമ്പുകള്‍ ശഅ്ബാന്‍ 15ന് ശേഷം ഖളാഅ് വീട്ടിയാല്‍ അത് പരിഗണനീയമല്ലെന്ന ചിലരുടെ വാദം ശരിയല്ല. അത്തരം ദിവസങ്ങളില്‍ നോമ്പ് ഖളാഅ് വീട്ടാവുന്നതാണ്. ((ഫത്ഹുല്‍ മുഈന്‍ 204, ഇആനത്ത് 2/273) ) സംശയത്തിന്റെ ദിനത്തില്‍ (മാസം കാണാന്‍ സാധ്യത ഉള്ള 29ന് മാസം കണ്ടു എന്ന് ശ്രുതി പരക്കുകയും വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഖാസിമാര്‍ മാസമുറപ്പിക്കാതെ നില്‍ക്കുകയും ചെയ്യുന്ന ദിനമാണ് ശക്കിന്റെ ദിനം) നോമ്പെടുക്കല്‍ നിഷിദ്ധമാണ് എന്നുള്ള ഹദീസിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വേണ്ടവിധം മനസ്സിലാക്കാതെ അവതരപ്പിക്കുന്നതില്‍ നിന്നാകാം ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത്.
ഏതെങ്കിലും നിര്‍ണിതമായ സുന്നത്തു നോമ്പുകള്‍ കൂട്ടത്തില്‍ ഫര്‍ള്‌നോമ്പ് ഖളാഅ് വീട്ടുന്ന നിയ്യത്ത് വച്ചാല്‍ രണ്ടും ലഭ്യമാകും എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. (ഫതാവല്‍ കുബ്‌റ: 275, ഇആനത്ത് 2/271)
റമദാനിലേക്ക് മാനസികമായി തയാറെടുക്കാനും ശരീരത്തിനെ പാകപ്പെടുത്താനുമാണ് റജബ് മാസം മുതല്‍ പ്രത്യേക പ്രാര്‍ഥന നബി(സ) പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. പുണ്യങ്ങളുടെ ദിനരാത്രങ്ങളെ സ്വീകരിക്കാന്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മാത്രം സടകുടഞ്ഞ് എഴുന്നേറ്റത് കൊണ്ടാകില്ല. അതിന് ഇനിയുള്ള ദിനങ്ങളിലെങ്കിലും നാം കര്‍മസജ്ജരായേ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."