ഹൈടെക് സ്‌കൂള്‍: ആലപ്പുഴ മണ്ഡലത്തിലെ അധ്യാപക പരിശീലനം പൂര്‍ത്തിയായി
ആലപ്പുഴ: ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്ന ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി. ദൃശ്യ, ശ്രാവ്യ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍, വിദ്യാഭ്യാസ വെബ്‌പോര്‍ട്ടലുകള്‍, ഇന്ററാക്ടീവ് പഠനബോധന സാമഗ്രികള്‍ തുടങ്ങിയവ ക്ലാസുകള്‍ക്കായി ഉപയോഗിക്കുന്നതിലാണ് പരിശീലനം നല്‍കിയത്. ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ലളിതവും ആകര്‍ഷകവും കാര്യക്ഷമവുമായ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിന് അധ്യാപകരെ തയാറാക്കുകയാണ് ലക്ഷ്യം. ഐ.റ്റി. അറ്റ് സ്‌കൂളാണ് പരിശീലനം നല്‍കുന്നത്.
23 ബാച്ചുകളായി എട്ടു കേന്ദ്രങ്ങളില്‍ ഒക്‌ടോബര്‍ 20 മുതല്‍ നടന്ന പരിശീലനത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുള്‍പ്പെടെ 149 അധ്യാപകരും 338 ഹൈസ്‌കൂള്‍ അധ്യാപകരും പങ്കെടുത്തു.
ഓരോ വിഷയത്തിലെ അധ്യാപകര്‍ക്കും നാലു ദിവസത്തെ പ്രത്യേക പരിശീലനമാണ് നല്‍കിയത്. ക്ലാസെടുക്കുന്നതിനാവശ്യമായ വീഡിയോകള്‍, ചിത്രങ്ങള്‍, ആനിമേഷനുകള്‍ തുടങ്ങിയവ ഇന്റര്‍നെറ്റില്‍ നിന്നു കണ്ടെത്തി ശേഖരിക്കുക. അനുയോജ്യമായരീതിയില്‍ മാറ്റം വരുത്തി ഉപയോഗിച്ച് ഫലപ്രദമായി ക്ലാസെടുക്കുക എന്നിവയില്‍ പരിശീലനം നല്‍കി.
ലിനക്‌സില്‍ ലഭ്യമായ സോഫ്‌റ്റ്വെയറുകളായ അവൊഗാഡ്രോ, കാല്‍സ്യം, ജിയോജിബ്ര, ക്യുജിസ്, സണ്‍ക്ലോക്ക് തുടങ്ങിയവയും കൊളോറാഡോ സര്‍വകലാശാല തയാറാക്കിയ ഫെറ്റ് സോഫ്റ്റ്‌വെയറും പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി എങ്ങനെ ഉപയോഗിക്കാം, വര്‍ക്ക് ഷീറ്റുകളും ചോദ്യങ്ങളും മലയാളത്തില്‍ ടൈപ്പ് ചെയ്ത് മള്‍ട്ടിമീഡിയ പ്രസന്റേഷനുകളായി ഏങ്ങനെ അവതരിപ്പിക്കാം എന്നിവയും പരിശീലിപ്പിച്ചു.
പരിശീലനം നേടിയ അധ്യാപകര്‍ ക്ലാസ് മുറിയില്‍ ഇവ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഒരുക്കം തുടങ്ങണമെന്ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍ ഐ.റ്റി. അറ്റ് സ്‌കൂള്‍ ജില്ലാ കേന്ദ്രത്തില്‍ നടന്ന പരിശീലനത്തിന്റെ സമാപന സമ്മേളനത്തില്‍ പറഞ്ഞു.
ഐ.റ്റി. അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേര്‍ കെ.ഒ. രാജേഷ്, വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് പി. ജയരാജ്, മുഖ്യപരിശീലകരായ ജോണ്‍കോശി, ഉണ്ണിക്കൃഷ്ണന്‍, ബിജിരാജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."