സഞ്ജുവിനെതിരേ കെ.സി.എ; അച്ചടക്ക ലംഘനം അന്വേഷിക്കാന്‍ നാലംഗ സമിതി
തിരുവനന്തപുരം: ഇന്ത്യയുടെ യുവ മലയാളി ക്രിക്കറ്റര്‍ സഞ്ജു വി സാംസണിനെതിരേ അച്ചടക്ക വാളുമായി കെ.സി.എ രംഗത്ത്. സഞ്ജുവിന്റെ അച്ചടക്ക ലംഘനത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് ടി.ആര്‍ ബാലകൃഷ്ണന്‍ ചെയര്‍മാനും ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത് വി നായര്‍ കണ്‍വീനറും രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ എസ് രമേശ്, ബി.സി.സി.ഐ മാച്ച് റഫറി രംഗനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയെ യാണ് അന്വേഷണത്തിനു നിയോഗിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നതരുടെ അപ്രീതിക്ക് പാത്രമായ സഞ്ജുവിനെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്നവര്‍ക്കുള്ള പിടിവള്ളിയായി താരത്തിന്റെ മോശം പെരുമാറ്റം.
ഈ രഞ്ജി സീസണില്‍ സെഞ്ച്വറിയുമായി കേരള ടീമിനു ആവേശ തുടക്കം സമ്മാനിച്ച സഞ്ജു വളരെ പെട്ടെന്നാണ് ഫോം ഔട്ടായത്. ഇതോടെ സഞ്ജുവിനെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്നവര്‍ യുവ ക്രിക്കറ്ററെ കൂടുതല്‍ പ്രകോപിതനാക്കാനുള്ള ശ്രമം തുടര്‍ന്നു. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മുംബൈയില്‍ വച്ചു ഗോവക്കെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ സഞ്ജു ഡ്രസിങ് റൂമിലെത്തി ബാറ്റ് തല്ലി പൊട്ടിച്ചും ആരോടും പറയാതെ പുറത്തു പോയെന്നും ടീം യോഗത്തില്‍ നിന്നു വിട്ടുനിന്നതായുമാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കാല്‍മുട്ടിലെ പരുക്കില്‍ നിന്നു മോചിതനാകാന്‍ സഞ്ജു ആഗ്രഹിച്ചിരുന്നു.
ഇതിനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍, നെറ്റ്‌സില്‍ പരിശീലനം നടത്തണമെന്നു ചൂണ്ടിക്കാട്ടി കെ.സി.എയിലെ ഉന്നതര്‍ ഇടപെട്ട് ചികിത്സ തേടാനുള്ള ശ്രമം തടയിട്ടെന്നാണ് സഞ്ജുവിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഗുവാഹത്തിയിലും പൂജ്യത്തിനു പുറത്തായ സഞ്ജു നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യം ഉന്നയിച്ചെങ്കിലും ടൂര്‍ണമെന്റില്‍ നിന്നു പെട്ടെന്ന് പിന്‍മാറാനാകില്ലെന്ന മറുപടിയാണ് കെ.സി.എ നല്‍കിയതെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. പരുക്ക് സംബന്ധിച്ച് ടീം ഫിസിയോയെയും മാനേജരെയും സഞ്ജു അറിയിച്ചില്ലെന്നും കെ.സി.എ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ അനുമതി കിട്ടാതെ വന്നതോടെ സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണ്‍ കെ.സി.എ പ്രസിഡന്റ് ടി.സി മാത്യുവിനെയും ജീവനക്കാരെയും അസഭ്യം പറഞ്ഞെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍, ഇക്കാര്യം സഞ്ജുവിന്റെ പിതാവ് നിഷേധിച്ചിട്ടുണ്ട്. സഞ്ജുവിനെതിരേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളെ കുറിച്ചും പിതാവ് അസഭ്യം വിളിച്ചത് സംബന്ധിച്ചും വിശദമായ അന്വേഷണത്തിനാണ് തീരുമാനം.
കെ.സി.എ പ്രസിഡന്റിനെ തന്നെ അപമാനിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ അച്ചടക്ക നടപടി ഉറപ്പാക്കി പഴുതടച്ചുള്ള അന്വേഷണമാണ് കെ.സി.എ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്ന് ഗോഡ്ഫാദറില്ലാതെ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞ താരമാണ് സഞ്ജു. അച്ചടക്ക നടപടി ഉണ്ടായാല്‍ സഞ്ജുവിനു രഞ്ജി സീസണ്‍ മാത്രമല്ല ഐ.പി.എല്ലും ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനവും നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."