20.5 ലക്ഷത്തിന്റെ പുതിയ കറന്‍സികളുമായി ബി.ജെ.പി യുവജന നേതാവ് അറസ്റ്റില്‍
ചെന്നൈ: 20.5 ലക്ഷം രൂപയുടെ പുതിയ കറന്‍സി നോട്ടുകളുമായി ബി.ജെ.പി യുവജന വിഭാഗം നേതാവ് അറസ്റ്റില്‍. സേലം യുവജന വിഭാഗം സെക്രട്ടറി ജെ.വി.ആര് അരുണ്‍ ആണ് അറസ്റ്റിലായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നിരോധന നടപടിയെ ആദ്യം പിന്തുണച്ചവരില്‍ ഒരാളാണ് അരുണ്‍. രാജ്യത്തിന്റെ മുന്നേറ്റത്തിന് ജനങ്ങള്‍ ക്യൂ നില്ക്കാന് തയാറാവണമെന്നും അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സേലത്ത് നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അരുണിന്റെ കാറും പൊലിസ് പരിശോധിച്ചത്. തുടര്‍ന്ന് കാറിലുണ്ടായ ബാഗില്‍ നിന്ന് നോട്ട് കണ്ടെത്തുകയായിരുന്നു.
രണ്ടായിരത്തിന്റെ 926 നോട്ടുകളും നൂറിന്റെ 1530 നോട്ടുകളും അന്‍പതിന്റെ 1000 നോട്ടുകളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. അരുണിനെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ ഉറവിടം നല്‍കാനാവാത്തതിനെ തുടര്‍ന്ന് പണം പൊലിസ് പിടിച്ചെടുത്തു. ഇവ ട്രഷറിക്ക് കൈമാറി. സംഭവത്തില്‍ ആദായ നികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബി.ജെ.പി തമിഴ്നാട് ഘടകം ഇക്കാര്യത്തില്‍ അരുണിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും സംസ്ഥാന പ്രസിഡന്റ് തമിഴിശൈ സൗന്ദര്രാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."