പോഷണശോഷണമുള്ള കുട്ടികളെ ആശുപത്രിയിലെത്തിച്ച് 'തമ്പ് '
പാലക്കാട്: അട്ടപ്പാടി ആരോഗ്യവകുപ്പിന്റെ പട്ടികയില്‍ പോഷണശോഷണം അനുഭവിക്കുന്ന കുട്ടികളെ'തമ്പ് ' പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. പുതൂര്‍ പഞ്ചായത്തിലെ വിദൂര ഊരായ അഞ്ചക്കക്കൊമ്പയിലെ മണികണ്ഠന്‍, ദീപക് കുമാര്‍, വിനിയ എന്നീ കുട്ടികളെ തുടര്‍ ചികിത്സയ്ക്കും പോഷണനിവാരണത്തിനുമായി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത് തമ്പന്റെ പ്രതിവാര ഊരു സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ ഊരിലെത്തിയത്.
ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ പദ്ധതിയുടെ ഫണ്ടിന്റെ ദൗര്‍ബല്യത്തെ തുടര്‍ന്നാണ് ഭീമമായ പോഷണശോഷണം നേരിടുന്ന കുട്ടികള്‍ക്ക് ഊരില്‍ തന്നെ കഴിയേണ്ടിവന്നത്. ഈ കുട്ടികളെ കൂടാതെ മറ്റു രണ്ട് കുട്ടികളും ഊരിലുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരം കുട്ടികളെ ഭക്ഷണമടക്കമുള്ള സംരക്ഷണം കൊടുത്ത് സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുവാനാണ് 2013 ല്‍ തമ്പിന്റെ തന്നെ ഇടപെടലിനെ തുടര്‍ന്ന് എന്‍. ആര്‍. സി. നിലവില്‍ വന്നത്. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഊരു സമ്പര്‍ക്ക പരിപാടി. തമ്പ് പ്രവര്‍ത്തകരായ കെ. എ. രാമു, എസ്. എസ്. കാളിസാമി, കെ. മരുതന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ചിതലരിച്ച് നിലംപതിക്കാറായ അംഗന്‍വാടിക്ക് പകരം പുതിയത് സ്ഥാപിക്കുക, അംഗന്‍വാടിയില്‍ ഹെല്‍പ്പറെ അനുവദിക്കുക, ഇലച്ചിവഴി അഞ്ചക്കക്കൊമ്പ് റോഡ് ഗതാഗത യോഗ്യമാക്കുക, ഭക്ഷ്യ ക്ഷാമമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുക, എന്‍. ആര്‍. സി. പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുക. ഊരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, വനാവകാശനിയമപ്രകാരം ഊരുകാര്‍ക്ക് സാമഹ്യവകാശം അനുവദിക്കുക തുടങ്ങിയ പത്തിന നിര്‍ദ്ദേശങ്ങള്‍ പ്രതിവാര ഊരുസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി 'തമ്പ് ' സര്‍ക്കാരിന് സമര്‍പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."