101 ചക്ക വിഭവങ്ങളുമായി റഫീക്ക്
തിരുവനന്തപുരം: 101 ചക്ക വിഭവങ്ങളുമായി പാറശാല ഇടിച്ചക്കപ്ലാമൂട്ടില്‍ നിന്നുള്ള റഫീക്കിന്റെ സ്റ്റാള്‍ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന മൂല്യവര്‍ധന ശില്‍പശാലയില്‍ കാണികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു.
മലയാളി മറക്കുന്ന ചക്ക എന്ന പോഷക സമൃദ്ധമായ പഴത്തില്‍ നിന്നുളള വിഭവ വൈവിധ്യവുമായാണ് റഫീക്ക് ഇക്കുറി പ്രദര്‍ശന നഗരിയിലെത്തിയിരിക്കുന്നത്. ചക്ക ഉപയോഗിച്ചു തയാറാക്കിയ പഫ്‌സ്, വട, കട്‌ലറ്റ്, അട, ചക്ക ചേര്‍ത്ത് തയാറാക്കിയ രണ്ടു തരം പായസം, മീനില്‍ ചക്കക്കുരു പൊടിയും മസാലയും ചേര്‍ത്ത് തയാറാക്കിയ സ്വാദൂറുന്ന വിഭവം, ചക്കക്കുരുവും മസാലയും ചേര്‍ത്ത് പൊരിച്ചെടുത്ത ചിക്കന്‍, ചക്ക സാമ്പാര്‍, ചക്ക പുളിശേരി, ചക്ക പരിപ്പുകറി, ചക്ക അവിയല്‍, തോരന്‍, അച്ചാര്‍ തുടങ്ങി ചക്ക മസാലദോശ വരെ റഫീക്കിന്റെ സ്റ്റാളിലുണ്ട്.
ചക്ക ചമ്മന്തിക്കു പുറമേ ചക്കയും പുതിനയും ചേര്‍ത്ത് തയാറാക്കിയ ചമ്മന്തിയും ഉണ്ട്. സാക്ഷാല്‍ ഇറച്ചിയെ വെല്ലുന്ന ചക്കപിരട്ട് കാണികളുടെ മനസും നാവും കവരും. ചക്ക വിഭവങ്ങളാല്‍ വിഭവ സമൃദ്ധമായ റഫീക്കിന്റെ സ്റ്റാളില്‍ വിസ്മയത്തോടെയാണ് കാണികള്‍ ഒത്തുകൂടുന്നത്. ചക്ക ഊണിനോടൊപ്പം ദിവസവും കഴിക്കാന്‍ പാകത്തില്‍ 18 തരം കറികളും മാറിമാറി ഉപയോഗിക്കാന്‍ പറ്റുന്ന 101 കറികളുമാണ് റഫീക്കിന്റെ മാസ്റ്റര്‍ പീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."