മുദ്രവില നിരക്ക് ഭേദഗതി നിലവില്‍ വന്നു
തളിപ്പറമ്പ്: കേരള മുദ്രപത്ര നിയമം ഭേദഗതി പ്രാബല്യത്തില്‍ വന്നു. 1959ലെ കേരള മുദ്ര നിയമത്തില്‍ കാലാകാലങ്ങളില്‍ വരുത്തുന്ന ഭേദഗതിയില്‍ ഏറ്റവും ഒടുവിലത്തേതാണ് നടപ്പിലായിരിക്കുന്നത്. ഇതു പ്രകാരം ഭാഗാധാരങ്ങള്‍, ദാനം, ഒഴിമുറി, ധനനിശ്ചയം ആധാരങ്ങളില്‍ തീര്‍ക്കേണ്ട മുദ്രവില നിരക്കാണ് ഭേദഗതി ചെയ്തത്. ഈ വര്‍ഷം ജൂലൈ 18 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.
ഉത്തരവിന്റെ പകര്‍പ്പുകള്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്നും ആധാരമെഴുത്തുകാര്‍ക്ക് നല്‍കി. ഇതോടെ ഭാഗപത്രം, ദാനം, ഒഴിമുറി, ധനനിശ്ചയം തുടങ്ങിയ ആധാരങ്ങളില്‍ പരമാവധി ആയിരം രൂപയ്ക്ക് വിധേയമായി കുടുംബാംഗങ്ങള്‍ തമ്മില്‍ നടന്നിരുന്ന വിഭജനങ്ങള്‍ ഇനി അഞ്ച് ഏക്കറില്‍ താഴെയുള്ള വിഭജനത്തിന് പരമാവധി ആയിരം രൂപയും മറ്റുള്ളവയ്ക്ക് വിലയുടെ ഒരുശതമാനം എന്ന നിരക്കില്‍ മുദ്രതീര്‍ക്കുകയും ചെയ്യും. ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ ഇതിലെ അവ്യക്തതകള്‍ പുതിയ സംശയങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇതോടെ ഭൂമി ഇടപാടുകളില്‍ നിലവിലുള്ള മാന്ദ്യം ഒന്നുകൂടി വര്‍ധിച്ചതായും ആധാരമെഴുത്തുകാര്‍ പറയുന്നു. നേരത്തെ ഉയര്‍ന്ന നിരക്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അധികമായി നല്‍കേണ്ടിവന്ന തുക മടക്കിനല്‍കുമോയെന്ന കാര്യത്തില്‍ ഒരറിയിപ്പും വന്നിട്ടില്ല.
ഭേദഗതി ആധാരമെഴുത്തുകാര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കയാണെന്നും ഇതിനു പരിഹാരമായി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നേരത്തെ ഉണ്ടായിരുന്ന ഓഫിസ് തലയോഗം പുനരാരംഭിക്കണമെന്നും ആധാരമെഴുത്തുകാര്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 വരെ രജിസ്‌ട്രേഷനുകളില്‍ പ്രതിസന്ധി തുടരാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."