പുളിഞ്ഞാലിലെ കരിങ്കല്‍ ക്വാറി താഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാലിലെ കരിങ്കല്‍ ക്വാറി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ചു. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് പഠന റിപ്പോര്‍ട്ട് നിലവിലുള്ള പെരുങ്കുളത്ത് സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരമുള്ള അനുമതി നേടാതെയുമുള്ള ക്വാറിക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വന്നിരുന്നു. തുടര്‍ന്ന് സബ്കലക്ടര്‍ വിദഗ്ധ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് തഹസില്‍ദാരും സംഘവും ഇന്നലെ ക്വാറി സന്ദര്‍ശിച്ചത്.
നാട്ടുകാര്‍ നല്കിയ പരാതി പ്രകാരം തഹസില്‍ദാര്‍ കഴിഞ്ഞ ദിവസം പ്രാഥമിക വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ പരാതിക്കാസ്പദമായ ക്വാറിക്ക് പഞ്ചായത്ത് അനുമതി നല്‍കിയതിന്റെ അടിസ്ഥാന രേഖകള്‍, അനുമതി നല്കാന് വിവിധ വകുപ്പുകള്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കുന്നുണ്ടോ, പരിസരവാസികള്‍ക്ക് ക്വാറി പ്രവര്‍ത്തനം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പ്രദേശത്ത് സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് സബ്കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതുപ്രകാരം തഹസില്‍ദാര്‍ മെഴ്സി, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഇര്‍ഫാന, വില്ലേജ് ഓഫിസര്‍ സ്റ്റാന്‍ലി, പഞ്ചായത്ത് അസിസ്റ്റന്റ് തുടങ്ങിയവരാണ് പുളിഞ്ഞാലിലെത്തി ക്വാറി സന്ദര്‍ശിച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സബ്കലക്ടര്‍ക്ക് കൈമാറും. പാറ ഖനനം നടത്തുന്ന ഭൂമി തോട്ട ഭുമിയായി കൈവശംവച്ചു മിച്ചഭൂമി ഇളവ് നേടിയ കാപ്പിത്തോട്ടത്തില്‍ ഉള്‍പ്പെടുന്നതാണോ എന്നും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."