എടച്ചേരിയില്‍ മിനി സ്‌റ്റേഡിയം എന്നുവരും
എടച്ചേരി: പഞ്ചായത്തില്‍ മിനി സ്‌റ്റേഡിയം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു കാലത്ത് വടകര മേഖലയിലെ അറിയപ്പെട്ട വോളിബോള്‍ കളിക്കാരുടെ ഈറ്റില്ലമായിരുന്നു എടച്ചേരി. 14ാം വാര്‍ഡില്‍ കളിയാം വെള്ളി പൊലിസ് സ്റ്റേഷന് സമീപം ഏകദേശം 40 സെന്റ് ഭൂമി സര്‍ക്കാറിന്റേതായി ഇവിടെയുണ്ട്. റവന്യൂ വകുപ്പിന് കീഴിലുള്ള ഈ സ്ഥലം പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മിനി സ്‌റ്റേഡിയം പണിയാന്‍ സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളിയാം വെള്ളി പാലം പണിക്ക് വേണ്ടി ഇവിടെ നിന്നും മണ്ണ് മാറ്റിയിരുന്നു. ഈ സ്ഥലം പിന്നീട് പ്രദേശത്തെ കായിക പ്രേമികള്‍ വോളിബോള്‍ കോര്‍ട്ടാക്കി മാറ്റി. എടച്ചേരിയിലെ കവിത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും കേരളത്തിലെ പ്രഗത്ഭ ടീമുകളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചിരുന്നു.
മേഖലയില്‍ പുറമേരി ഹൈസ്‌കൂള്‍ മൈതാനം ഒഴിച്ചാല്‍ ഏറ്റവും കൂടുതല്‍ മത്സര കളികള്‍ നടത്തിയിരുന്നതും കൂടുതല്‍ കളിക്കാരുള്ളതും ഇവിടെയായിരുന്നു.
എന്നാല്‍ കവിതാ ക്ലബിന് നേതൃത്വം നല്‍കിയ, വടകര താലൂക്കിലെ തന്നെ അറിയപ്പെട്ട പല പ്രമുഖ കളിക്കാരും, കളി പ്രേമികളും കാലയവനികക്കുളളില്‍ മറഞ്ഞതോടെ ക്ലബിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ക്രമേണ ഇവിടെ നടന്നു വന്ന ടൂര്‍ണമെന്റുകള്‍ ഇല്ലാതായി. എടച്ചേരിയുടെ കായികപാരമ്പര്യം തന്നെ അതോടെ നഷ്ടമായി.
പഴയ കാല പ്രതാപത്തിന്റെ അനുസ്മരണമെന്നോണം പ്രദേശത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഇപ്പോഴും ഇവിടെ വോളിബോളും, ഷട്ടില്‍ ബാറ്റ്‌മെന്റും കളിച്ചു വരുന്നുണ്ട്.
പഞ്ചായത്തില്‍ കായിക രംഗത്ത് വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് പരിശീലനം നല്‍കിയാല്‍ മികച്ച കളിക്കാരെ വാര്‍ത്തെടുക്കാനാകുമെന്ന് നാട്ടുകാര്‍ കരുതുന്നു. മിനി സ്‌റ്റേഡിയം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ കായിക രംഗത്തെ തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്നും കായിക പ്രേമികള്‍ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."