ഖനന ഭീതി അകലുന്നു; കടലാടിപ്പാറയില്‍ സോളാര്‍ പാര്‍ക്കിനായി സര്‍വേ തുടങ്ങി
നീലേശ്വരം: ആശാപുര കമ്പനിക്കു ബോക്‌സൈറ്റ് ഖനനത്തിനു സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ കടലാടിപ്പാറയിലെ ഖനന ഭീതി അകലുന്നു. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെയും സംയുക്ത സംരംഭമായ സോളാര്‍ പാര്‍ക്കിനായി ഇവിടെ സര്‍വേ തുടങ്ങിയിരിക്കുകയാണ്. ജില്ലയില്‍ കരിന്തളം, പൈവളിഗെ, മടിക്കൈയിലെ വെള്ളൂട എന്നിവിടങ്ങളിലാണു സോളാര്‍ പാര്‍ക്കു സ്ഥാപിക്കുന്നത്.
കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കരിന്തളം, കടലാടിപ്പാറ എന്നിവിടങ്ങളിലായാണു ഇതിനായി സ്ഥലം കണ്ടെത്തിയത്. കടലാടിപ്പാറയിലെ 98 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വേ നടപടികളാണു ഇപ്പോള്‍ നടന്നുവരുന്നത്. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിക്കൊണ്ടുള്ള രേഖകള്‍ റവന്യൂ വിഭാഗം നേരത്തേ തന്നെ വൈദ്യുത വകുപ്പിനു കൈമാറിയിരുന്നു.
മടിക്കൈ പഞ്ചായത്തിലെ വെള്ളൂടയില്‍ സോളാര്‍ പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ ഇതു കമ്മീഷന്‍ ചെയ്‌തേക്കും. റിന്യൂവല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ നേതൃത്വത്തിലാണു സോളാര്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നത്. വെള്ളൂടയില്‍ 484 ഏക്കര്‍ സ്ഥലത്താണു പാര്‍ക്കു നിര്‍മിക്കുന്നത്. ന്യൂദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റിന്യൂവല്‍ ആന്‍ഡ് എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സിക്കാണു പാര്‍ക്കിന്റെ നിര്‍മാണ ചുമതല. ഇവിടെ നിന്നു 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.
കരിന്തളം, പൈവളിഗെ പാര്‍ക്കുകളില്‍ നിന്നു 50 മെഗാവാട്ട് വീതവും ലക്ഷ്യമിടുന്നു. ഏതാണ്ട് 1200 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. കഴിഞ്ഞ വലതുമുന്നണി സര്‍ക്കാരിന്റെ കാലത്താണു ജില്ലയില്‍ സോളാര്‍ പാര്‍ക്കു നിര്‍മിക്കുന്നതിനായി പവര്‍ കോര്‍പറേഷനു സ്ഥലമനുവദിച്ചത്. സോളാര്‍ പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."