കരിപ്പൂര്‍ എയര്‍പോര്‍ട്ട് അവഗണന: പാര്‍ലമെന്റ് മാര്‍ച്ചിന് സഊദിയിലും ഐക്യദാര്‍ഢ്യം
ജിദ്ദ: കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു നാളെ നടക്കുന്ന പാര്‍ലമെന്റ്് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജിദ്ദയിലെ പ്രവാസി കൂട്ടായ്മ പ്രതീകാത്മക കൂട്ടധര്‍ണ നടത്തി.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് 2015 മെയ് ഒന്നാം തിയതിക്ക് മുമ്പുള്ള പൂര്‍വസ്ഥിതി പുനഃസ്ഥാപിച്ചു കൊണ്ട് വലിയ വിമാനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേത്രത്വത്തില്‍ നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചിനും പിന്തുണ പ്രഖ്യാപിച്ചു ജിദ്ദയിലെ രാഷ്ട്രീയസാമൂഹ്യമതസാംസ്‌കാരികബിസിനസ് രംഗത്തെ പ്രമുഖ നേതാക്കളും വിവിധ സംഘടനാ പ്രവര്‍ത്തകരും ഒത്തുകൂടി ധര്‍ണയും പ്രതിഷേധ പ്രകടനവും നടത്തി.
സൗദി ഇന്ത്യന്‍ ട്രാവലേഴ്‌സ് അസോസിയേഷന്‍ (സിയാട്ട) യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ നാട്ടിലെ സമര മുഖങ്ങളില്‍ കാണുന്ന വീറും വാശിയും ഉന്മേഷവും പ്രകടിപ്പിച്ചുകൊണ്ട് നേതാക്കളും പ്രവര്‍ത്തകരും ഉച്ചത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി.
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണ ഇനിയും പൊറുക്കില്ലെന്നും അതിനു എന്തൊക്കെ നഷ്ടപ്പെട്ടാലും സമര മുഖത്തു ഉറച്ചു നില്‍ക്കുമെന്നും മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു സംസാരിച്ച മുഴുവന്‍ ആളുകളും പ്രഖ്യാപിച്ചു.
പ്രതിഷേധം അധികാരികള്‍ക്കുള്ള ശക്തമായ താക്കീതായി മാറി. ലോകത്തിലാദ്യമായി പൊതുജന പങ്കാളിത്തത്തോടെ ഒരു എയര്‍പോര്‍ട്ട് വികസിപ്പിച്ചു മാതൃക കാണിച്ചുകൊടുത്ത മലബാറുകാര്‍ക്കു എന്ത് വില കൊടുത്തും അത് സംരക്ഷിക്കാന്‍ അറിയാമെന്നും അതിനു ഏതറ്റം വരെ പോകാന്‍ തയാറാണെന്നും ധര്‍ണയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഉദ്യാഗസ്ഥ ലോബിയുടെ കള്ളക്കളികളും ഇന്ത്യയിലെ മറ്റു എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ചു കരിപ്പൂരിന്റെ പ്രാധ്യാന്യവും മുന്‍ഗണനകളും സിയാട്ട ചെയര്‍മാന്‍ കെ.സി. അബ്ദുറഹ്മാന്‍ വ്യോമയാന മേഖലകളിലെ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി അക്കമിട്ടു വിവരിച്ചു.
ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന് വി.പി. മുഹമ്മദ് അലി ധര്‍ണ ഉദ്ഘാടനം ചെയ്തു.ഡല്‍ഹിയിലെ സമരം ഒരു സൂചന മാത്രമാണെന്നും ഫലം കണ്ടില്ലെങ്കില്‍ പ്രവാസി കുടുംബങ്ങളെയും കുട്ടികളെയും അണി നിരത്തി ശക്തമായ സമരം നടത്താനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും ജിദ്ദ സമൂഹം ഒറ്റക്കെട്ടാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ വിയര്‍പ്പു കൊണ്ട് പടുത്തുയര്‍ത്തിയ വിമാനത്താവളം ജീവന്‍ കൊടുത്തും സംരക്ഷിക്കാന്‍ പ്രവാസികള്‍ തയ്യാറാണെന്ന ആഹ്വാനത്തോടെയാണ് ധര്‍ണ അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."